തിരുവനന്തപുരം: തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോൾ പമ്പ് അടച്ചു. ഇന്ധന കമ്പനിക്ക് ഒന്നരക്കോടി രൂപയിലധികം കുടിശിക നൽകാനുള്ളതിനാൽ വിതരണം നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോൾ പമ്പ് താത്കാലികമായി അടച്ചത്.
പൊലീസ് പെട്രോൾ പമ്പ് അടച്ചതോടെ പൊലീസ് വാഹനങ്ങൾക്കുള്ള ഇന്ധന വിതരണം പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിൽ ഇന്ധന വിതരണത്തിന് ബദൽ മാർഗം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപി അനിൽകാന്ത് ഉത്തരവിറക്കി. എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോൾ പമ്പ് അടച്ചതോടെ ഇനി പൊലീസ് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സ്വകാര്യ പമ്പുകളെ ആശ്രയിക്കേണ്ടി വരും.
അതേസമയം ഇത് അഴിമതിക്ക് സാഹചര്യമുണ്ടാക്കുന്ന ഉത്തരവാണ് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. എസ്എച്ച്ഒമാർക്കും യൂണിറ്റ് മേധാവികൾക്കും ഇന്ധനം നിറയ്ക്കുന്നതിന് പണം നൽകിയിട്ടില്ല.
സാമൂഹിക സുരക്ഷ സെസ് ഇന്ന് മുതൽ പ്രാബല്യത്തിൽ: പെട്രോളിനും ഡീസലിനും രണ്ട് രൂപ സാമൂഹ്യ സുരക്ഷ സെസ് ഏര്‍പ്പെടുത്തിയ സംസ്ഥാന ബജറ്റ് നിര്‍ദേശം ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇന്ന് മുതൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ അധികം നൽകേണ്ടി വരും. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനാണ് ഇന്ധന നിരക്ക് രണ്ട് രൂപ വീതം വർധിപ്പിച്ചതെന്നാണ് സർക്കാർ വാദം.
ഇതിലൂടെ 750 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. മാത്രമല്ല 500 രൂപ മുതല്‍ 999 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് കുപ്പി ഒന്നിന് 20 രൂപയും 1000 രൂപയക്ക് മുകളിലുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് കുപ്പി ഒന്നിന് 40 രൂപയും അധികമായി ഈടാക്കുമെന്ന ബജറ്റ് പ്രഖ്യാപനവും ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും. 400 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ നിരക്ക് വർധനവിലൂടെ പ്രതീക്ഷിക്കുന്നത്.
ഇതോടൊപ്പം ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനും ഇന്ന് മുതല്‍ പ്രാബല്യമുണ്ടാകും. വിപണി വിലയും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് ന്യായവില 20 ശതമാനം വര്‍ധിപ്പിക്കുന്നതെന്നാണ് മന്ത്രി ഇത് സംബന്ധിച്ച് മുന്നോട്ട് വയ്ക്കുന്ന ന്യായം.