തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നടുറോഡില്‍ കാറില്‍ നിന്നും സ്റ്റീരിയോ മോഷ്‌ടിച്ച കള്ളനെ സിനിമ സ്റ്റൈലില്‍ പിടികൂടി നടനായ പൊലീസുകാരന്‍. തിരുവനന്തപുരം പിഎംജി കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരനും ചലച്ചിത്ര താരവുമായ ജിബിന്‍ ഗോപിനാഥാണ് മോഷണശ്രമത്തിനിടെ മോഷ്‌ടാവിനെ പിടികൂടിയത്. നഗരത്തിലെ തന്നെ ഒരു പ്രമുഖ കാര്‍ ഷോറുമിലെ ജീവനക്കാരനായ ആനയറ സ്വദേശി നിതീഷാണ് പിടിയിലായത്.
വീടിന് മുറ്റത്തേക്ക് വാഹനം കയറാത്തത് കൊണ്ട് പട്ടം പ്ലാമൂട് റോഡിന് സമീപം തന്‍റെ വീട്ടിലേക്കുള്ള വഴിയരികിലാണ് ജിബിന്‍ പതിവായി കാര്‍ പാര്‍ക്ക് ചെയ്യുന്നത്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ ജിബിന്‍ പതിവ് പോലെ വാഹനം പാര്‍ക്ക് ചെയ്‌ത് പോയി. തുടര്‍ന്ന് വൈകുന്നേരം ആറ് മണിയോടെ പുറത്തുള്ള കടയിലേക്ക് അദ്ദേഹം പോയിരുന്നു.
തിരികെ വീട്ടിലേക്ക് മടങ്ങവെ തന്‍റെ കാറിന് സമീപം ഒരു ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിയിരിക്കുന്നത് ജിബിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെയാണ് കാറിന്‍റെ ഡ്രൈവര്‍ സീറ്റില്‍ നിന്നും സ്റ്റീരിയോയുമായി മോഷ്‌ടാവ് പുറത്തിറങ്ങിയത്. നിതീഷിന് അടുത്തെത്തി വിവരം തിരക്കിയപ്പോള്‍ സ്റ്റീരിയോ വയ്ക്കാൻ വന്നുവെന്നായിരുന്നു ജിബിന് ലഭിച്ച മറുപടി.
ജിബിനാണ് കാറിന്‍റെ ഉടമസ്ഥന്‍ എന്ന് മോഷ്‌ടാവ് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നാലെ ജിബിന്‍ തന്നെയാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിയായ യുവാവ് സഹോദരന്‍റെ ഓട്ടോയിലാണ് മോഷണത്തിന് എത്തിയത്. ഇയാളില്‍ നിന്നും നിരവധി എടിഎം കാര്‍ഡുകളും പതിനായിരത്തോളം രൂപയും പൊലീസ് കണ്ടെടുത്തു.