തിരുവനന്തപുരം : ഊരാളുങ്കല്‍ സൊസൈറ്റിക്ക് പൊലീസ് ഡേറ്റാ ബേസ് കൈമാറിയതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടലെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍. സംഭവത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടെന്നും പ്രതിപക്ഷനേതാവ് നിയമസഭയില്‍ ആരോപിച്ചു. കമ്പനിക്ക് മുന്‍ പരിചയമുണ്ടോ എന്ന് പോലും പരിശോധന നടത്തിയിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം വിഷയം ഉയര്‍ത്തി ഭീതി പരത്താന്‍ ശ്രമിക്കുകയാണ്. സൈബര്‍ സുരക്ഷാ ഓഡിറ്റ് നടപ്പാക്കിയ ശേഷം മാത്രമേ ഡേറ്റാ ബേസ് കൈമാറുകയുള്ളുവെന്നും പ്രതിപക്ഷം നോട്ടീസ് നല്‍കിയ അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. നിലവിലുള്ള ഡേറ്റാ ബേസിന്‍റെ വിവരങ്ങള്‍ ചോരുന്നില്ലെന്ന് ഉറപ്പാക്കും. ഒരു സൈബര്‍ സെക്യൂരിറ്റ് ഓഡിറ്റ് വികസിപ്പിച്ച ശേഷം മാത്രമേ വിവരങ്ങള്‍ കൈമാറുകയുള്ളൂവെന്ന് പ്രതിപക്ഷത്തിന്‍റെ അടിയന്തിര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നല്‍കി. രേഖകള്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ ആപ്ലിക്കേഷനില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മാത്രമേ പ്രവേശിക്കാന്‍ കഴിയുകയുള്ളുവെന്നും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോരാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാതൃകയില്‍ നോണ്‍ ഡിസ്‌ക്ലോഷര്‍ കരാറില്‍ ഊരാളുങ്കലുമായി ഏര്‍പ്പെടും. ഊരാളുങ്കലിനോട് നീരസമുള്ളവര്‍ ആ മേഖലയില്‍ തന്നെ ഉണ്ടാകുമെന്നും അത്തരം നീരസങ്ങളുടെ വക്താക്കളായി പ്രതിപക്ഷം മാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപോയി.