തിരുവനന്തപുരം: നഗരത്തിൽ അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടിയുമായി പൊലീസ് രംഗത്ത്. പ്രധാന ജങ്ഷനുകളില്‍ സിഗ്നൽ പോയിന്‍റുകളിലെ ഫ്രീ ലെഫ്റ്റുകളില്‍ മറ്റു വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധം വാഹനം നിർത്തിയിടുന്നവർക്കെതിരെ നടപടി സ്വീകരിക്കും. യു- ടേണുകളിൽ വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കി പാർക്ക് ചെയ്യുന്നവർ, ബസ് ബേകളിൽ യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കി പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ എന്നിവക്കെതിരെയും നടപടി സ്വീകരിക്കും.
വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും വാഹന യാത്രയും കാൽ നടയാത്രയും സുഗമമാക്കുന്നതിന്‍റെയും ഭാഗമായാണ് നടപടിയെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും വാഹനങ്ങൾ വിൽക്കുന്ന സമയത്ത് പിഴത്തുക അടയ്ക്കാതെ ആർസി ഓണർഷിപ്പ് മാറ്റാൻ സാധിക്കില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു