തിരുവനന്തപുരം: പോക്‌സോ നിയമത്തെ കുറിച്ചും അതിന്‍റെ വിവിധ വശങ്ങളെ കുറിച്ചും സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകർക്കായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാനൊരുങ്ങി ബാലാവകാശ പാനൽ. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് അധ്യാപകർക്ക് മാർഗനിർദേശം നൽകുമെന്നും ഇതിനായുള്ള ആദ്യ സെറ്റ് ക്ലാസുകൾ തിരുവനന്തപുരത്ത് നടത്തുമെന്നും അധികൃതർ പറഞ്ഞു.
ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിലായിരിക്കും ബോധവത്‌കരണ ക്ലാസുകൾ നടക്കുക. സംസ്ഥാനത്ത് നടക്കുന്ന പോക്‌സോ അതിക്രമങ്ങൾ തടയുകയും ചൂഷണം നേരിട്ട കുട്ടികൾക്ക് എല്ലാ സഹായവും ഉറപ്പാക്കുകയുമാണ് കമ്മിഷന്‍റെ ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു. ജില്ലാതലത്തിൽ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ വിവിധ ഉദ്യോഗസ്ഥർ പങ്കെടുത്തു. ജില്ലയിൽ പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്‌തിട്ടുള്ള വിവിധ കേസുകളുടെ പുരോഗതിയും നിലവിലെ അവസ്ഥയും യോഗത്തിൽ വിലയിരുത്തി.