തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള പ്ലസ് ടു, പത്ത് വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. പ്ലസ് ടുവിന് ദിവസേന ഏഴ് ക്ലാസുകളും പത്തിന് അഞ്ച് ക്ലാസുകളും ഉണ്ടാകും. ശനിയും ഞായറും കുറഞ്ഞ സമയം ക്ലാസുകൾ നടക്കും. തിങ്കൾ മുതൽ മാറ്റം നിലവിൽ വരും. പ്ലസ് ടുവിന് നിലവിൽ മൂന്ന് ക്ലാസുകളാണ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്. ഇതോടൊപ്പം വൈകിട്ട് നാല് മുതൽ ആറ് വരെ നാല് ക്ലാസുകൾ കൂടി ഉൾപ്പെടുത്തും. പത്താം ക്ലാസിന് 9.30 മുതൽ 11 വരെയുള്ള മൂന്ന് ക്ലാസുകൾക്ക് പുറമെ മൂന്ന് മുതൽ നാല് മണി വരെ രണ്ടു ക്ലാസുകൾ കൂടി ഉണ്ടാകും. ക്രിസ്മസിന് ഒഴികെ എല്ലാ ദിവസവും ക്ലാസുകൾ ഉണ്ടാകും. അതേ സമയം ശനി, ഞായർ ദിവസങ്ങളിൽ പ്ലസ് ടുവിന് പരമാവധി നാല് ക്ലാസുകളും പത്തിന് ഒരു ക്ലാസും മാത്രമേ ഉണ്ടാകൂ.
പാഠ ഭാഗങ്ങൾ പൂർത്തിയാക്കി ജനുവരിയിൽ റിവിഷൻ ക്ലാസുകളിലേക്ക് കടക്കും. 10, 12 ക്ലാസുകാർക്ക് പൊതു പരീക്ഷ എഴുതേണ്ട സാഹചര്യത്തിലാണ് മാറ്റം. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം 10, 12 ക്ലാസുകൾ തുടങ്ങുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ട്. ഡിസംബർ 17 മുതൽ ഈ ക്ലാസ്സുകളിലെ അധ്യാപകർ സ്കൂളുകളിൽ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ നിർദ്ദേശം നൽകിയിരുന്നു.