തിരുവനന്തപുരം/പാലക്കാട്: മൂല്യനിര്‍ണയ ക്യാമ്പിൽ എത്തിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന വിദ്യാഭ്യാസ ഡയറക്‌ടറുടെ സര്‍ക്കുലര്‍ തള്ളി അധ്യാപകര്‍. പ്ലസ് ടു മൂല്യനിര്‍ണയ ക്യാമ്പ് അധ്യാപകർ ഇന്നും ബഹിഷ്‌കരിച്ചു. ഇതോടെ പരീക്ഷ മൂല്യനിര്‍ണയം വീണ്ടും പ്രതിസന്ധിയിലായി.
പരീക്ഷയ്ക്ക് ചോദ്യം തയാറാക്കിയ അധ്യാപകന്‍ തന്നെ നല്‍കിയ ഉത്തര സൂചിക അനുസരിച്ച് മൂല്യനിര്‍ണയം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിയതാണ് അധ്യാപകരെ ചൊടിപ്പിച്ചത്. അധ്യാപകരും വിദഗ്‌ധരും ചേര്‍ന്ന് തയ്യാറാക്കുന്ന ഫൈനലൈസേഷന്‍ സ്‌കീമിനെ ആശ്രയിച്ചാണ് സാധാരണ ഹയര്‍ സെക്കൻഡറി മൂല്യനിര്‍ണയം നടത്താറുള്ളത്. ഇത് അപ്പാടെ അവഗണിച്ച് ഏകപക്ഷീയമായ തീരുമാനം വകുപ്പ് എടുത്തുവെന്നാണ് വിമര്‍ശനം.
ഇത്തവണത്തെ കെമിസ്ട്രി പരീക്ഷ താരതമ്യേന ബുദ്ധിമുട്ടേറിയതെന്നാണെന്ന് പരാതികളുയര്‍ന്നിരുന്നിരുന്നു. വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട മാര്‍ക്ക് കിട്ടുന്ന തരത്തിലുള്ള ഫൈനലൈസേഷന്‍ സ്‌കീം ഉപയോഗിക്കണമെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്. ഇത് വിദ്യാഭ്യാസ വകുപ്പ് ഇതുവരെ അംഗീകരിച്ചിട്ടില്ല.
സാധാരണ ഉത്തര സൂചിക തയ്യാറാക്കിയ അധ്യാപകരുടെ പേരും ഫോൺ നമ്പറും ഉൾപ്പടെ ഉണ്ടാവാറുണ്ടെങ്കിലും കെമിസ്ട്രിക്ക് ഇത് നൽകിയിട്ടില്ലെന്നും ഇക്കാര്യത്തിൽ പുനപരിശോധന വേണമെന്നും അധ്യാപകർ ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഏറെ പ്രതിസന്ധി അഭിമുഖീകരിച്ചാണ് ഇത്തവണ പ്ലസ് ടു വിദ്യാർഥികൾ പരീക്ഷയെഴുതിയതെന്നും ഇവരെ കൂട്ടതോൽവിയിലേക്കു നയിക്കും വിധമുള്ളതാണ് കെമിസ്ട്രി പരീക്ഷയുടെ ഉത്തര സൂചികയെന്നും അധ്യാപകർ ആരോപിച്ചു.
ഉത്തര സൂചിക സംബന്ധിച്ച് പരാതി ഉന്നയിച്ച അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതും തര്‍ക്കം രൂക്ഷമാക്കി. വാരിക്കോരി മാര്‍ക്ക് നല്‍കുന്ന തരത്തില്‍ ഫൈനലൈസഷന്‍ സ്‌കീം തയ്യാറാക്കിയെന്ന് വിമര്‍ശനം ഉന്നയിച്ച 12 അധ്യാപകര്‍ക്കാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഒന്‍പത് ദിവസമായിരുന്നു കെമിസ്ട്രി മൂല്യനിര്‍ണയത്തിനായി നിശ്ചയിച്ചിരുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ജില്ലകളില്‍ അധ്യാപകര്‍ ക്യാമ്പുകള്‍ ബഹിഷ്‌കരിക്കുകയാണ്. അവസാന ദിവസമായ ഇന്നും ബഹിഷ്‌കരണം തുടര്‍ന്നാല്‍ ഫലം പ്രഖ്യാപനം വൈകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.