തിരുവനന്തപുരം : സംസ്ഥാനത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്‍റ് സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 25ന് ആരംഭിക്കും. സെപ്റ്റംബർ 30 വരെയാണ് പരീക്ഷ. സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഈ മാസം 18 നകം സ്‌കൂളുകളിൽ അപേക്ഷ സമർപ്പിക്കണം.
പരീക്ഷ ടൈംടേബിൾ ഹയർ സെക്കൻഡറി വിഭാഗം പുറത്ത് വിട്ടു. ആദ്യ ദിനം രാവിലെ സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്, ഫിലോസഫി, കമ്പ്യൂട്ടർ സയൻസ്, എന്നീ വിഷയങ്ങളും ഉച്ചയ്ക്ക് ശേഷം കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സംസ്‌കൃത്, ആർട്‌സ് മെയിൻ എന്നിവയുമാണ് ഉണ്ടാവുക.
റെഗുലർ/ ലാറ്ററൽ എൻട്രി/ റീ അഡ്‌മിഷൻ പരീക്ഷാർഥികൾക്ക് ഒന്നാം വർഷ പരീക്ഷാഫീസ് 175 രൂപയും (ഒരു വിഷയത്തിന്) സർട്ടിഫിക്കറ്റ് ഫീസ് 40 രൂപയും ആണ്. കമ്പാർട്ട്മെന്‍റ് പരീക്ഷാർഥികൾക്ക് രജിസ്ട്രേഷന് ഒരു വിഷയത്തിന് (മാർച്ച് 2024ലെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഫീസ് കൂടി ഉൾപ്പെടുത്തി) 225 രൂപയും സർട്ടിഫിക്കറ്റിന് 80 രൂപയുമാണ് ചാർജ്.
20 രൂപ ഫൈനോട് കൂടി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 22/08/2023. 600 രൂപ ഫൈനോട് കൂടി അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി 24/08/2023. കൂടുതൽ വിവരങ്ങൾക്ക് www.dhsekerala.gov.in സന്ദർശിക്കുക.
പ്ലസ് വണ്‍ അഡ്‌മിഷൻ ലഭിക്കാതെ 4821 വിദ്യാർഥികൾ : അതേസമയം ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിലും മലബാറിലെ 4821 വിദ്യാർഥികൾക്ക് സീറ്റ് ലഭിച്ചില്ല. ആകെ 10,918 വിദ്യാർഥികളാണ് മലബാർ മേഖലയിൽ നിന്നും മൂന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റായി അപേക്ഷ നൽകിയിരുന്നത്. എന്നാൽ ഇവരിൽ 6097 വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം ലഭിച്ചിട്ടുള്ളൂ.
ആകെയുള്ള 25,735 ഒഴിവുകളിലേക്കായി 11,849 അപേക്ഷകളാണ് മൂന്നാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിനായി പരിഗണിച്ചത്. ആകെ ലഭിച്ച 12487 അപേക്ഷയിൽ 638 അപേക്ഷകൾ ഒഴിവാക്കപ്പെട്ടു. അപേക്ഷയിൽ പരിഗണിക്കപ്പെട്ടവരിൽ 5113 വിദ്യാർഥികൾക്ക് അഡ്‌മിഷൻ ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് 19,003 സീറ്റുകൾ ഒഴിവുണ്ട്.
അധികമായി അനുവദിച്ച 97 താത്‌കാലിക ബാച്ചുകൾ അടക്കമായിരുന്നു അലോട്ട്മെന്‍റിനായി പരിഗണിച്ചത്. മലപ്പുറം ജില്ലയിൽ 2759 വിദ്യാർഥികളും പാലക്കാട് ജില്ലയിൽ 1011 വിദ്യാർഥികളുമാണ് അഡ്‌മിഷൻ ലഭിക്കാതെ നിൽക്കുന്നത്. മലപ്പുറത്ത് 295 സീറ്റുകളും പാലക്കാട് 63 സീറ്റുകളും മാത്രമേ നിലവിൽ ഒഴിവുള്ളൂ.
97 താൽകാലിക അധിക ബാച്ചുകൾ കൂടി : രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിന് പിന്നാലെ സംസ്ഥാനത്ത് 97 ഹയർ സെക്കൻഡറി താത്‌കാലിക അധിക ബാച്ചുകൾ കൂടി സർക്കാർ അനുവദിച്ചിരുന്നു. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ആകെ 97 ബാച്ചുകളും ഈ വർഷം നേരത്തെ അനുവദിച്ച 14 ബാച്ചുകളും ചേർത്ത് 111 എണ്ണമാണ് സർക്കാർ മൊത്തത്തിൽ അനുവദിച്ചിട്ടുള്ളത്.
പാലക്കാട് (4), കോഴിക്കോട് (11), മലപ്പുറം (53), വയനാട് (4), കണ്ണൂർ (10), കാസർകോട് (15) എന്നിങ്ങനെയാണ് തത്‌കാലിക ബാച്ചുകൾ അനുവദിച്ചത്. അതേസമയം കുട്ടികളില്ലാത്ത ബാച്ചുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും എത്ര സമ്മർദം ഉണ്ടായാലും ആ ബാച്ചുകൾ കുട്ടികൾ ഉള്ള സ്ഥലത്തേക്ക് മാറ്റുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അറിയിച്ചിരുന്നു.