തിരുവനന്തപുരം : സംസ്ഥാനത്തെ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിച്ചു. ഇന്ന് (13-06-2022) സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക് സിസ്റ്റം, ഫിലോസഫി, കമ്പ്യൂട്ടർ സയൻസ് എന്നീ പരീക്ഷകളാണ് നടക്കുന്നത്. 4,24,696 വിദ്യാർഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
പരീക്ഷ എഴുതുന്നവരില്‍ 2,11,904 പേർ പെൺകുട്ടികളും 2,12,792 പേർ ആൺകുട്ടികളുമാണ്. മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ (77,803) പരീക്ഷ എഴുതുന്നത്. കുറവുള്ള ജില്ല ഇടുക്കിയാണ്, ഇവിടെ 11,008 പേരാണ് പരീക്ഷ എഴുതുന്നത്.
ഗൾഫിൽ 505 പേരും ലക്ഷദ്വീപിൽ 906 പേരും മാഹിയിൽ 791 പേരും പരീക്ഷ എഴുതും. ഈ മാസം 30-ന് പരീക്ഷകള്‍ അവസാനിക്കും. കഴിഞ്ഞ അധ്യയന വർഷം നടത്തേണ്ട പരീക്ഷ കൊവിഡ് കാരണം പാഠഭാഗങ്ങൾ തീരാതെ വന്നതോടെയാണ് നീണ്ടുപോയത്. ഈ സാഹചര്യത്തില്‍ പത്ത് മാസം കൊണ്ട് തീർക്കേണ്ട സിലബസ് മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കിയാണ് അതിവേഗം പരീക്ഷ നടത്തുന്നത്.
നേരത്തെ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ വിദ്യാർഥികൾ സമരം നടത്തിയിരുന്നു. പഠിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്നായിരുന്നു വിദ്യാർഥികൾ പറഞ്ഞത്. പ്ലസ്‌വണ്‍ പരീക്ഷയ്‌ക്ക് ഫോക്കസ് ഏരിയ നിശ്ചയിക്കണമെന്ന ആവശ്യവും വിദ്യാർഥികള്‍ സമരത്തിന്‍റെ ഘട്ടത്തില്‍ ഉന്നയിച്ചിരുന്നു.