തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇന്ന്(18/07/2022) ഉന്നതതല യോഗം ചേരും. അപേക്ഷ സ്വീകരിക്കാനുള്ള തീയതി നീട്ടുന്നത് സംബന്ധിച്ച് യോഗത്തിൽ തീരുമാനമാകും. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇനിയും പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തിലാണിത്.
നേരത്തെ സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് മന്ത്രി വി.ശിവൻകുട്ടി കത്തയച്ചിരുന്നു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നത് വലിയ ജാഗ്രതക്കുറവാണെന്നും മന്ത്രി വിമർശിച്ചിരുന്നു. കേരളത്തിലെ പ്ലസ് വൺ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്നാണ് കത്തിൽ മന്ത്രി ആവശ്യപ്പെട്ടത്.
സിബിഎസ്ഇ വിദ്യാർഥികൾക്കായി ഒരു അലോട്ട്‌മെന്‍റ് കൂടി നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്‌ഡഡ് ഹയര്‍ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് നിലവില്‍ ജൂലൈ 18 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ചേര്‍ത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം.