തിരുവനന്തപുരം : റവന്യൂ ജില്ല കലോത്സവം നടക്കുന്ന കോട്ടൻഹില്‍ സ്‌കൂളില്‍ പരിസ്ഥിതി അവബോധവും വളര്‍ത്താനുള്ള ശ്രമത്തിലാണ് സംഘാടകര്‍. കലോത്സവ വേദിയിലേക്ക് ആളുകള്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകളില്‍ സ്റ്റിക്കർ ഒട്ടിച്ച് പണം ഈടാക്കുന്ന 'പ്ലാസ്റ്റിക് അറസ്റ്റിങ്' പദ്ധതിയാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക് കവർ ഏതിന്‍റേതുമാവട്ടെ, തിരുവനന്തപുരം റവന്യൂ ജില്ല കലോത്സവ വേദിയുടെ പ്രധാന ഗേറ്റ് കടന്നുപോകുമ്പോൾ വളണ്ടിയേഴ്‌സ് അതിനുപുറത്തൊരു സ്റ്റിക്കർ ഒട്ടിക്കും. പത്ത് രൂപയും വാങ്ങും. കലോത്സവ വേദി വിട്ടുപോകുമ്പോൾ കൊണ്ടുവന്ന പ്ലാസ്റ്റിക് തിരികെ കൊണ്ടുപോയാൽ പണം മടക്കി നല്‍കുകയും ചെയ്യുന്നതാണ് പദ്ധതി.
കലോത്സവം തുടങ്ങി മൂന്ന് ദിവസം പിന്നിടുമ്പോൾ പദ്ധതി വിജയിച്ചുവെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. കലോത്സവ നഗരിയിൽ മാലിന്യം നിക്ഷേപിക്കുന്നതിനായി എല്ലായിടത്തും നേരത്തെ തന്നെ തെങ്ങോല ഉപയോഗിച്ച് നിര്‍മിച്ച വെയ്‌സ്റ്റ് ബോക്‌സുകൾ സ്ഥാപിച്ചിട്ടുണ്ട്. പരിസ്ഥിതിയോടൊത്തുളള പുതിയ രീതികൾക്ക് പിന്തുണയുമായി വിദ്യാർഥികളും സംഘാടകര്‍ക്കൊപ്പം ഉണ്ട്.
ഹിന്ദി ഭാഷ അധ്യാപകരും ജില്ല ശുചിത്വ മിഷനും റെഡ് ക്രോസ് വളണ്ടിയേഴ്‌സും സ്റ്റുഡന്‍റ് പൊലീസുമാണ് കലോത്സവ നഗരിയെ പ്ലാസ്റ്റിക്ക് മുക്തമാക്കുന്നത്.