തിരുവനന്തപുരം: ജോസ്.കെ.മാണി സത്യത്തെ വളച്ചൊടിക്കുകയാണെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ്. കോടതി വിധി അനുകൂലമെന്ന് പറയുന്നത് തെറ്റാണ്. മൂന്നര മിനിട്ട് കൊണ്ട് ചെയർമാനെ തെരഞ്ഞെടുത്ത ജോസ് കെ.മാണിയുടെ നടപടി കോടതി തള്ളുകയാണ് ചെയ്തത്. ഈ ഭാഗം മറച്ചുവെച്ചാണ് ഇപ്പോൾ പ്രചരണം നടത്തുന്നതെന്നും ജോസഫ് പറഞ്ഞു.
കേരള കോൺഗ്രസ് പാർട്ടി രണ്ടാകില്ല. ജോസ് കെ.മാണിക്കൊപ്പം നിൽക്കുന്നവർ ഇങ്ങോട്ട് പോരുക തന്നെ ചെയ്യും. ജോസ് കെ.മാണി സ്വയം പുറത്തേക്ക് പോയ ആളാണ്. അതുകൊണ്ട് തന്നെ പുറത്താക്കേണ്ട ആവശ്യമില്ല. പാലായിൽ നിന്ന് തന്നെ ശക്തി പ്രകടനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജോസഫ് വിളിച്ചുചേർത്ത പാർലമെന്‍റ് പാർട്ടി യോഗം ഇന്ന് ചേർന്നു. ജോസഫിനെ നിയമസഭാ കക്ഷി നേതാവായും സി.എഫ്.തോമസ് ഉപനേതാവായും മോൻസ് ജോസഫിനെ വിപ്പായും തെരഞ്ഞെടുത്തു. ജോസ് കെ.മാണി വിഭാഗത്തിൽ നിന്നുള്ള റോഷി അഗസ്റ്റിൻ, ജയരാജ് തുടങ്ങിയ എംഎൽഎമാർ യോഗത്തിൽ പങ്കെടുത്തില്ല.