തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള വാക്‌സിൻ സൗജന്യമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെയുള്ള വാക്‌സിൻ സൗജന്യമായാണ് കേന്ദ്രം നൽകിയത്.
തുടർന്നുള്ള വാക്‌സിന്‍റെ ചെലവ് സംസ്ഥാനങ്ങൾ വഹിക്കുന്നത് നിലവിൽ സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന സംസ്ഥാനങ്ങളെ കൂടുതൽ വിഷമതകളിലേക്ക് തള്ളിവിടും. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കയ്യിൽ പണമുള്ളവർ മാത്രം വാക്‌സിൻ സ്വീകരിച്ചോട്ടെ എന്ന നിലപാട് നമുക്ക് സ്വീകരിക്കാനാവില്ല. വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുക തന്നെ ചെയ്യും. അതേസമയം കേന്ദ്ര സർക്കാരിന്‍റെ തീരുമാനം കാത്തിരുന്നാൽ സമയബന്ധിതമായി വാക്‌സിൻ ലഭ്യമാക്കാനാവില്ല. അതുകൊണ്ടാണ് പണം കൊടുത്ത് വാക്‌സിൻ വാങ്ങാൻ സംസ്ഥാനം തീരുമാനിച്ചത്. കേന്ദ്രം സംസ്ഥാനങ്ങൾക്ക് ക്വാട്ട നിശ്ചയിക്കാത്തതിനാൽ വാക്‌സിനു വേണ്ടിയുള്ള മത്സരം ഉടലെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
Also read: സംസ്ഥാനത്ത് 28,447 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78
അതേസമയം സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 28,447 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,617 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കൊവിഡ് 19 മൂലമാണെന്ന് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5055 ആയി.
Also read: ഭ്രാന്തൻ വാക്സിൻ നയം തിരുത്തണം, എല്ലാവർക്കും സൗജന്യവാക്‌സിൻ ലഭ്യമാക്കണം: രമേശ് ചെന്നിത്തല