തിരുവനന്തപുരം: താത്‌കാലിക നിയമനങ്ങളുടെ വിവരം സർക്കാരിൻ്റെ പക്കലില്ലെന്നും ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടത്തിയ താത്‌കാലിക നിയമങ്ങളുടെ കണക്കുകൾ സംബന്ധിച്ച് പ്രതിപക്ഷത്തുനിന്നും പികെ ബഷീർ എംഎൽഎ ചോദ്യമുന്നയിച്ചിരുന്നു. ഇതിന് രേഖമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ| ക്രിസ്‌മസ് വിരുന്നില്‍ പങ്കെടുക്കില്ല; ഗവര്‍ണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
ഹ്രസ്വകാല ആവശ്യങ്ങൾക്കാണ് സാധാരണഗതിയിൽ താത്‌കാലിക നിയമനങ്ങൾ നടത്തുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ വിവരങ്ങൾ പൂർണമായി ശേഖരിച്ചിട്ടില്ല. താത്‌കാലികമായി നിയമിച്ച ശേഷം സ്ഥിരപ്പെടുത്തിയവരുടെ വിവരങ്ങളും ലഭ്യമല്ല എന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഈ സ്ഥിരപ്പെടുത്തലുകളെ ഹൈക്കോടതി സ്റ്റേ ചെയ്‌തിട്ടുണ്ടോ എന്ന ചോദ്യത്തിന് വിവരം ശേഖരിച്ചുവരുന്നു എന്നാണ് മറുപടി നൽകിയിരിക്കുന്നത്.
പിഎസ്‌സി മുഖേനയും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയും നടത്തേണ്ട നിയമനങ്ങൾ മറ്റൊരുതരത്തിലും നടത്തരുതെന്ന നിർദേശം നിലവിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളെ രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർഥികളുടെ എണ്ണവും ഇവരിൽ എത്രപേർക്ക് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ജോലി നൽകിയെന്ന ചോദ്യത്തിനും വിവരം ശേഖരിച്ചുവരുന്നുവെന്നാണ് മറുപടി.