തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തിലെ നിര്‍ണായകമായ നിയമ ഭേദഗതിക്കാണ് സെപ്റ്റംബര്‍ 14ന് കേരള നിയമസഭ വേദിയായതെന്നും എല്‍ഡിഎഫ് മുന്നോട്ടുവച്ച പ്രകടന പത്രികയിലെ 380-ാം ഉറപ്പ് യാഥാർഥ്യമായിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). ആറ് പതിറ്റാണ്ടിലേറെക്കാലമായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാണ് ഈ മാറ്റമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി (Pinarayi Vijayan On Land Assignment Amendment Bill).
മലയോര മേഖലയിലെ ഭൂമി പ്രശ്‌നത്തെ സര്‍ക്കാര്‍ കണ്ടത് ഭൂമിയുടെ അവകാശത്തെ സംബന്ധിച്ചതായി തന്നെയാണ്. സ്വന്തം ഭൂമിയില്‍ അവകാശമില്ലാതെ കഴിയേണ്ടിവരുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് മലയോരങ്ങളിലുള്ളത്. ഇത് ഇടുക്കിയിലെ മാത്രമല്ല, മലയോര ജില്ലകളിലെ പൊതുപ്രശ്‌നമായി കാണണം (Idukki Land Issue).
ഈ പശ്ചാത്തലത്തില്‍, കേരള നിയമസഭ ഏകകണ്‌ഠമായി പാസാക്കിയ 2023 ലെ 'കേരള സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ (ഭേദഗതി) ബില്‍' (Kerala Government Land Assignment (Amendment) Bill), ഇടുക്കി ഉള്‍പ്പടെയുള്ള മലയോര മേഖലയിലെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാവും. പതിച്ചുനല്‍കിയ ഭൂമിയില്‍ കൃഷിക്കും വീടിനും പുറമെ സര്‍ക്കാര്‍ അനുമതികളോടെ കാര്‍ഷിക മേഖലയിലെ വാണിജ്യ കേന്ദ്രങ്ങളില്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഒരു പരിധിവരെ ഇളവനുവദിച്ച് സാധൂകരിക്കുക എന്നതാണ് ഭൂപതിവ് നിയമഭേദഗതിയോടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
ഇടുക്കി പോലുള്ള മലയോര മേഖലയിലെ ജനജീവിതത്തെയാകെ രൂക്ഷമായി ബാധിക്കുന്ന പ്രശ്നങ്ങളാണ് ഭൂപതിവ് നിയമഭേദഗതി എന്ന ആശയത്തിലേക്ക് സര്‍ക്കാരിനെ നയിച്ചത്. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും വിശ്വാസത്തിലെടുത്ത് തുറന്ന മനസോടെയുള്ള ചര്‍ച്ചകള്‍ നടത്തിയാണ് നിയമഭേദഗതിയിലേക്ക് സര്‍ക്കാര്‍ എത്തിയത്. രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍, മതമേലധ്യക്ഷന്മാര്‍, സാമുദായിക നേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമപ്രതിനിധികള്‍ തുടങ്ങിയവരുമായി നടത്തിയ സുദീര്‍ഘമായ ചര്‍ച്ചകള്‍ വഴി ഇടുക്കി ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട പൊതുവായ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ കഴിഞ്ഞു. ഇതിന്‍റെ തുടര്‍ച്ചയായാണ് നിയമസഭയില്‍ ഭേദഗതി ബില്‍ അവതരിപ്പിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read : CM Pinarayi Vijayan On Nipah : നിപയുടെ രണ്ടാം തരംഗം തള്ളിക്കളയാനാവില്ല, എന്നാൽ ആശങ്ക വേണ്ട : മുഖ്യമന്ത്രി
ഏഴ് മാസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി ഇന്ന് വീണ്ടും മാധ്യമങ്ങളെ കണ്ടത്. സംസ്ഥാനത്ത് നടന്ന നിരവധി വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നതായി ആരോപണങ്ങൾ ഉയരുന്നതിനിടെ ഇന്ന് വൈകീട്ട് ആറ് മണിയോടെ അദ്ദേഹം സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ മീഡിയ റൂമിൽ മാധ്യമങ്ങൾക്ക് മുന്നിൽ എത്തുകയായിരുന്നു.