തിരുവനന്തപുരം : റോഡ് വികസനം കുഴപ്പമാകുമെന്ന് ആരും മനപ്പായസം ഉണ്ണേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന് വേണ്ടി ആരും വഴിയാധാരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ദേശീയപാത വികസനം അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു.
ദേശീയപാത വികസനത്തില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കമില്ല. ഭൂമി ഏറ്റെടുക്കലിന് 5,580 കോടി രൂപയാണ് സംസ്ഥാനം നൽകിയത്. കേരളം മാത്രമാണ് 25 ശതമാനം വഹിക്കുന്നത്. ഈ 25 ശതമാനം മറ്റ് സംസ്ഥാനങ്ങൾ നൽകുന്നില്ല. ഗഡ്‌കരി റോഡ് വികസനത്തിന് താൽപ്പര്യം എടുത്ത് ഒപ്പം നിന്നുവെന്നും ഇതിന് അദ്ദേഹത്തോട് നന്ദി പറയുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
45,536 കോടി രൂപയുടെ റോഡ് വികസന പദ്ധതികളും 15 ദേശീയ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനം ചെയ്യാനാണ് ഗഡ്‌കരി കേരളത്തിലെത്തിയത്. ദേശീയപാത വികസനത്തിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഗഡ്‌കരി പറഞ്ഞു. ഭൂമിയേറ്റെടുക്കലിന് പണം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ബുദ്ധിമുട്ട് സംസാരിച്ച് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കാര്യവട്ടത്ത് റോഡ് വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഒന്നിച്ചാണ് ദീപം കൊളുത്തിയത്.