തിരുവനന്തപുരം: ഇടതു മുന്നണിയിലെ തിരുത്തല്‍ ശക്തിയായി പാര്‍ട്ടി മാറുമെന്ന രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിച്ചതിനു പിന്നാലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിലെ പ്രതിനിധി ചര്‍ച്ച. ആനി രാജയെ എം.എം മണി വിമര്‍ശിച്ചപ്പോള്‍ പോലും തിരുത്തല്‍ ശക്തിയാകാന്‍ കാനം രാജേന്ദ്രന് കഴിഞ്ഞില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ വിമര്‍ശിച്ചു.
ആനി രാജയെ പ്രതിരോധിക്കാന്‍ തയാറാകാത്ത കാനം രാജേന്ദ്രന്‍റെ നടപടി ശരിയായില്ല. തല്ലു കൊള്ളുന്ന എ.ഐ.എസ്.എഫുകാര്‍ക്കു വേണ്ടിയെങ്കിലും കാനം വാതുറക്കണം. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പോലും സിപിഐക്ക് ഉചിതമായ നിലപാടെടുക്കാന്‍ സാധിക്കുന്നില്ല. കെഎസ്ഇബി, കെഎസ്ആര്‍ടിസി പോലുള്ള പൊതു മേഖല സ്ഥാപനങ്ങള്‍ തകരുമ്പോഴും സിപിഐക്ക് മിണ്ടാട്ടമില്ല. 42 വാഹനങ്ങളുടെ അകമ്പടിയില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷ മുഖമല്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ സിപിഎം ഹൈജാക്ക് ചെയ്യുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍, എം.എം മണി എംഎല്‍എ എന്നിവര്‍ രാഷ്ട്രീയ അന്ധത ബാധിച്ച സിപിഎം നേതാക്കളാണെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. നെടുമങ്ങാട് നടക്കുന്ന ജില്ല സമ്മേളനം ഞായറാഴ്‌ച സമാപിക്കും.
Also Read: ഇടതുമുന്നണിയെന്ന ആശയം സിപിഐയുടേത്: അവകാശ വാദവുമായി സിപിഐ ജില്ല സമ്മേളന റിപ്പോര്‍ട്ട്