തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വീണ്ടും വര്‍ധിപ്പിച്ചും സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഏപ്രില്‍ വരെ ദീര്‍ഘിപ്പിച്ചും പിണറായി സര്‍ക്കാര്‍ രണ്ടാം 100 ദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചു. 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് രണ്ടാം 100 ദിന കര്‍മ്മ പദ്ധതി തുടക്കം കുറിക്കുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനുവരി മുതല്‍ ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിച്ച് 1500 രൂപയാക്കും.
5700 കോടി രൂപയുടെ 512 പദ്ധതികള്‍ പൂര്‍ത്തീകരിക്കും. 4300 കോടി രൂപയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. 100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കേരള ബാങ്ക്, സഹകരണ ബാങ്ക് എന്നിവയിലെ വായ്പകളിലൂടെ 10000 പേര്‍ക്ക് തൊഴില്‍ നല്‍കും. റേഷന്‍ കടകള്‍ വഴി എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യ പല വ്യഞ്ജന കിറ്റ് വിതരണം ഏപ്രില്‍ വരെ തുടരും. 80 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും. 20 മാവേലി സ്റ്റോറുകളെ സൂപ്പര്‍മാര്‍ക്കറ്റുകളും അഞ്ച് മാവേലി സ്റ്റോറുകളെ സൂപ്പര്‍ സ്റ്റോറുകളുമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പൂട്ടിക്കിടക്കുന്ന വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറി 146 കോടി രൂപ മുടക്കി സര്‍ക്കാര്‍ ഏറ്റെടുക്കും. കെ- ഫോണ്‍ പദ്ധതി ഫെബ്രുവരി ഒന്നു മുതല്‍ ആരംഭിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ തെരുവുവിളക്കുകളും എല്‍.ഇ.ഡി ബള്‍ബുകളാക്കും. കെ.എസ്.ഇ.ബി ബള്‍ബുകള്‍ വാങ്ങി നല്‍കും. പരിപാലനം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.