തിരുവനന്തപുരം: കൊവിഡ് സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ മുതല്‍ കടുത്ത നിയന്ത്രണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാരാന്ത്യ ലോക്ക്ഡൗണിനെക്കാള്‍ ശക്തമായ നിയന്ത്രണങ്ങളുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കലാണ് ഏറ്റവും പ്രധാനം. മാസക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. വരുന്ന ഒരാഴ്‌ചയിലെ സ്ഥിതി വിലയിരുത്തിയാകും ലോക്‌ഡൗണ്‍ ഉള്‍പ്പടെയുള്ള തീരുമാനങ്ങളെ കുറിച്ച് ആലോചിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: സംസ്ഥാനത്ത് 26,011 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 45 മരണം
അതേസമയം, അവശ്യ സര്‍വീസുകള്‍ മാത്രമാകും നാളെ മുതല്‍ ഉണ്ടാവുക. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. അനാവശ്യമായി ആരും വീടിന് പുറത്തിറങ്ങരുത്. അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം ചേരലുകള്‍ പാടില്ല. പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, മാംസം വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് അനുമതി. കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. വിവാഹ, സംസ്‌കാര ചടങ്ങുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് സംഘടിപ്പിക്കണം.
ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി, പാഴ്‌സല്‍ സംവിധാനങ്ങള്‍ മാത്രം പ്രവര്‍ത്തിക്കാം. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിക്കണം. ഓട്ടോ, ടാക്‌സി ചരക്ക് വാഹനങ്ങള്‍ അത്യാവശ്യത്തിന് മാത്രമെ ഓടാവു. പൊലീസ് പരിശോധന ശക്തമാക്കും.