തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 85 ലക്ഷത്തോളം കുടുംബങ്ങള്‍ ഇതുവരെ ഭക്ഷ്യക്കിറ്റിന്‍റെ ഉപഭോക്താക്കളായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുകയും ഭക്ഷ്യ വകുപ്പിന്‍റെ ബജറ്റ് വിഹിതവും ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ അരി വിതരണവും ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ നടത്തി. ലോക്ക്ഡൗണ്‍ നീട്ടുമ്പോള്‍ സ്വാഭാവികമായി ജനങ്ങള്‍ കുറേക്കൂടി വിഷമം അനുഭവിക്കുന്ന സാഹചര്യം ഉണ്ടാക്കും. ഒന്നാംഘട്ടത്തിലെ അനുഭവങ്ങള്‍ കൂടി കണക്കിലെടുത്ത് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടി, നാല് ജില്ലകളില്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍
മെയ് മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 823.23 കോടി രൂപയാണ് പെന്‍ഷനായി വിതരണം ചെയ്യുന്നത്. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് 1000 രൂപ വീതം ധനസഹായം അനുവദിക്കും. ക്ഷേമനിധി സഹായം ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിലേയും വനിതാ-ശിശുവികസന വകുപ്പിലേയും അംഗന്‍വാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള താല്‍ക്കാലിക ജീവനക്കാര്‍ക്ക് ലോക്ക്ഡൗണ്‍ കാലത്തെ ശമ്പളം മുടങ്ങാതെ നല്‍കും. കുടുംബശ്രീയുടെ 19,500 എഡിഎസുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം റിവോള്‍വിങ് ഫണ്ട് അനുവദിക്കും.
Also Read:കണ്ണൂരിൽ കടലാക്രമണം രൂക്ഷം; ക്യാമ്പിലേക്ക് മാറാൻ മടിച്ച് തീരദേശവാസികൾ
കുടുംബശ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ 'സഹായ ഹസ്തം വായ്പാ പദ്ധതി'യിലെ ഈ വര്‍ഷത്തെ പലിശ സബ്‌സിഡി 93 കോടി രൂപ മുന്‍കൂറായി നല്‍കും. കുടുംബശ്രീയുടെ റീസര്‍ജന്‍റ് കേരള വായ്‌പാ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഈ വര്‍ഷത്തെ പലിശ സബ്‌സിഡി 76 കോടി രൂപ അയല്‍ക്കൂട്ടങ്ങള്‍ക്ക് മുന്‍കൂറായി അനുവദിക്കും. കുടുംബശ്രീ നല്‍കിയ വായ്‌പകളുടെ തിരിച്ചടവിന് ആറുമാസത്തെ മൊറട്ടോറിയത്തിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കുടുംബശ്രീക്ക് സഹകരണ സ്ഥാപനങ്ങള്‍ നല്‍കിയ വായ്‌പകള്‍ക്കു കൂടി ഇത് ബാധകമാകും. വസ്‌തു നികുതി, ടൂറിസം നികുതി, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയവയ്ക്കുള്ള സമയം ദീര്‍ഘിപ്പിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.