തിരുവനന്തപുരം: രാഷ്ട്രീയ വേദികളില്‍ പരസ്‌പരം കടിച്ചുകീറുമ്പോഴും ഒരുമിച്ച് ഒരു വേദിയിലെത്തുമ്പോള്‍ പരസ്‌പരം ആശ്ലേഷിക്കുകയും ഹസ്‌തദാനം നടത്തുകയും കുശലം പറയുകയുമൊക്കെ ചെയ്യുന്നത് പതിവുകാഴ്‌ചയാണ്. ഇതില്‍ നിന്നും വ്യത്യസ്‌തമായിരുന്നു ഇന്ന് (24.07.23) തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടന്ന ഉമ്മന്‍ചാണ്ടി അനുസ്‌മരണം. കണ്ണൂര്‍ ജില്ലയിലെ പരമ്പരാഗത രാഷ്ട്രീയ വൈരികളായ സിപിഎമ്മിന്‍റേയും കോണ്‍ഗ്രസിന്‍റേയും പ്രമുഖ നേതാക്കളായ പിണറായി വിജയനും കെ സുധാകരനും ഒരേ വേദിയിലെത്തുന്ന അപൂര്‍വ്വ അവസരമായിരുന്നു ചടങ്ങ്. എന്നിട്ടും, ഇരുവരും പരസ്‌പരം ഹസ്‌തദാനം നടത്തുകയോ തമ്മില്‍ ഒരു വാക്കുരിയാടുകയോ പോലും ചെയ്‌തില്ലെന്നത് ശ്രദ്ധേമായി.
കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്‌മരണ സമ്മേളനത്തിന്‍റെ മുഖ്യ സവിശേഷത കോണ്‍ഗ്രസ് വേദിയില്‍ അവരുടെ പ്രധാന വിമര്‍ശകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായി എത്തുന്നു എന്നതായിരുന്നു. എന്നാല്‍, പരിപാടിയുടെ മുഖ്യ സംഘാടകനായ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാകട്ടെ തന്‍റെ നാട്ടുകാരന്‍ കൂടിയായ മുഖ്യമന്ത്രി വേദിയിലെത്തിയപ്പോള്‍ ഹസ്‌തദാനം നടത്തുകയോ കുശലപ്രശ്‌നം നടത്തുകയോ ചെയ്‌തില്ലെന്ന് മാത്രമല്ല, അധ്യക്ഷ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഉമ്മന്‍ചാണ്ടിയെ അപമാനിക്കാന്‍ ശ്രമിക്കുകയുമുണ്ടായി. കണ്ണൂരില്‍ വച്ച് ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചത് പ്രസംഗത്തില്‍ കെ സുധാകരന്‍ ഓര്‍മപ്പെടുത്തി. സിപിഎം എന്ന് പ്രത്യേകം പറഞ്ഞ് തന്നെയായിരുന്നു സുധാകരന്‍റെ വിമര്‍ശനം.
വേദിയിലേക്ക് ആനയിച്ച് വിഡി സതീശന്‍: നാലുമണിയോടെ അനുസ്‌മരണ വേദിയായ അയ്യന്‍കാളി ഹാളില്‍ മുഖ്യമന്ത്രി എത്തി. ഹാളിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് സ്ഥാപിച്ച ഉമ്മന്‍ചാണ്ടിയുടെ ചിത്രത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി. അപ്പോഴേക്കും ഓടിയെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിയെ വേദിയിലേക്ക് ആനയിച്ചു. മുഖ്യമന്ത്രി വേദിയിലേക്ക് പ്രവേശിക്കുമ്പോള്‍ വേദിയിലുണ്ടായിരുന്ന മുഴുവന്‍ നേതാക്കളും എഴുന്നേറ്റു. ഇവര്‍ക്കൊപ്പം കെ സുധാകരനും എഴുന്നേറ്റു. ഓരോരുത്തരെ നോക്കി കൈകൂപ്പിയ സമയം സുധാകരനെ നോക്കിയും കൈകൂപ്പി. സുധാകരന്‍ തിരിച്ചും. ഇതാണ് വേദിയില്‍ മുഖ്യമന്ത്രിയും കെ സുധാകരനും പരസ്‌പരം നടത്തിയ പേരിനുള്ള ഉപചാരം എന്നു പറയാം.
മുഖ്യമന്ത്രിയുടെ ഇരിപ്പിടത്തിനടുത്ത് നിന്നും മാറി മറ്റൊരു ഇരിപ്പിടത്തിലിരിക്കാനും സുധാകരന്‍ പ്രത്യേകം ശ്രദ്ധിച്ചു. മുഖ്യമന്ത്രിയുടെ വലതുവശത്തായി രമേശ് ചെന്നിത്തലയും ഇടതുവശത്ത് വിഡി സതീശനും ഇരുന്നു. വിഡി സതീശന്‍റെ തൊട്ടടുത്തായിരുന്നു കെ സുധാകരന്‍റെ ഇരിപ്പിടം. വേദിയിലിരിക്കുമ്പോഴും പരസ്‌പരം നോക്കാതിരിക്കാനും സംസാരിക്കാതിരിക്കാനും ഇരുവരും പ്രത്യേകം ശ്രദ്ധിച്ചു.
മുഖ്യമന്ത്രി സംസാരിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു കെ സുധാകരന്‍റെ അധ്യക്ഷ പ്രസംഗം. എഴുതി തയ്യാറാക്കിയ പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണ മികവും സഹാനുഭൂതിയും സുധാകരന്‍ അക്കമിട്ട് നിരത്തുന്നതിനിടെ അദ്ദേഹത്തെ, സിപിഎം വേട്ടായടിയതിനെ കുറിച്ചും പരമാര്‍ശിച്ചു. വന്യമായ ആരോപണങ്ങള്‍ക്കും സമാനതകളില്ലാത്ത പ്രക്ഷോഭങ്ങള്‍ക്കിടെയിലും സര്‍ക്കാരിനെ ധീരതയോടെ ഉമ്മന്‍ ചാണ്ടി നയിച്ചതായി സുധാകരന്‍ പറഞ്ഞു.
രാഷ്ട്രീയ എതിരാളികള്‍ ഇത്രത്തോളം വേട്ടയാടിയ നേതാവില്ല. തരംതാണ രീതിയില്‍ അധിക്ഷേപിച്ചിട്ടും ആര്‍ക്കുമെതിരെ മോശമായി പെരുമാറിയിട്ടില്ല. വെറുപ്പിന്‍റെ പ്രചാരകരെ അദ്ദേഹം സ്‌നേഹംകൊണ്ട് നേരിട്ടു. കണ്ണൂരില്‍ അദ്ദേഹത്തിന്‍റെ വാഹനം ആക്രമിച്ച് സിപിഎമ്മുകാര്‍ അദ്ദേഹത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തിരിച്ചടിക്കണം എന്ന വികാരം കണ്ണൂരിലെ കോണ്‍ഗ്രസുകാരില്‍ അണപൊട്ടിയപ്പോള്‍ അരുതെതെന്ന് വിലക്കിയ ആളാണ് ഉമ്മന്‍ചാണ്ടിയെന്നും രൂക്ഷമായ ഭാഷയില്‍ സുധാകരന്‍ കടന്നാക്രമിച്ചു.
എന്നാല്‍, തൊട്ടുപിന്നാലെ പ്രസംഗിച്ച മുഖ്യമന്ത്രി സുധാകരന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കൂട്ടാക്കിയതേയില്ല. അദ്ദേഹം ഉമ്മന്‍ചാണ്ടി എന്ന നേതാവിനെ കുറിച്ചും അദ്ദേഹത്തിന്‍റെ അസുഖത്തെ കുറിച്ചുമൊക്കെ പരാമര്‍ശിച്ച് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
അഭംഗിയായി സദസിലെ മുദ്രാവാക്യം: പിണറായി വിജയന്‍ പ്രസംഗിക്കാനായി എഴുന്നേറ്റപ്പോള്‍ സദസിലുണ്ടായിരുന്ന ചിലര്‍ ഉച്ചത്തില്‍ ഇല്ലാ... ഇല്ല മരിക്കുന്നില്ല എന്ന മുദ്രാവാക്യം മുഴക്കിയതും ചടങ്ങിന്‍റെ അഭംഗിയായി. ക്ഷണിച്ചുകൊണ്ടുവന്ന അതിഥിയോട് പെരുമാറേണ്ടത് ഇങ്ങനെയല്ലെന്ന് പിറുപിറുക്കുന്ന കോണ്‍ഗ്രസുകാരെയും അപ്പോള്‍ സദസില്‍ കണ്ടു.
പ്രസംഗം പൂര്‍ത്തിയാക്കി കുറച്ചുനേരം കൂടി വേദിയിലിരുന്ന ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. മുഖ്യമന്ത്രി എത്തുന്നത് കണക്കിലെടുത്ത് അയ്യന്‍കാളി ഹാളിലും പരിസരത്തും യൂണിഫോമിലും മഫ്‌തിയിലും വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. അയ്യന്‍കാളി ഹാള്‍ സമീപകാലത്തൊന്നും ദര്‍ശിക്കാത്ത രീതിയില്‍ വന്‍ ജനപങ്കാളിത്തം കൊണ്ടും അനുസ്‌മരണ ചടങ്ങ് ശ്രദ്ധേയമായി.