തിരുവനന്തപുരം: ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. മയോ ക്ലിനിക്കിലെ തുടർ ചികിത്സയ്ക്കായാണ് യാത്ര. പുലർച്ചെ നാല് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെട്ടത്.
ദുബായിലേക്കണ് ആദ്യം പോവുക. അവിടെ നിന്ന് അമേരിക്കയിലേക്ക് തിരിക്കും. ഭാര്യ കമലയും പേഴ്‌സണൽ അസിസ്റ്റന്‍റ് 'വി.എം സുനീഷും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. 18 ദിവസത്തേക്കാണ് യാത്ര. ചികിത്സയ്ക്ക് ശേഷം അടുത്ത മാസം രണ്ടാം വാരമായിരിക്കും തിരിച്ചെത്തുക.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മറ്റാർക്കും ചുമതല നൽകിയിട്ടില്ല. ബുധനാഴ്‌ച ഓൺലൈനായി ചേരുന്ന മന്ത്രിസഭ യോഗത്തിൽ അദ്ദേഹം അമേരിക്കയിൽ നിന്ന് പങ്കെടുക്കും. കഴിഞ്ഞ ജനുവരി മാസത്തിൽ മയോ ക്ലിനിക്കിൽ നടത്തിയ ചികിത്സയുടെ തുടർച്ചയ്ക്കായാണ് മുഖ്യമന്ത്രി പോയിരിക്കുന്നത്.
ജനുവരിയിൽ 11 മുതൽ 27 വരെയായിരുന്നു അമേരിക്കയിൽ മുഖ്യമന്ത്രി ചികിത്സ തേടിയത്. അന്നും പകരം ചുമതല നൽകാതെ ഇ-ഫയലിങ്ങ് വഴിയാണ് ഭരണം നിയന്ത്രിച്ചത്.