തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസില്‍ അക്രമത്തെയും കൊലപാതകത്തെയും പരസ്യമായി ന്യായീകരിക്കുന്ന നേതൃത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. ഇത് നിയമസഭ പരിഗണിക്കുമ്പോഴാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരൻ്റെ പേര് പരാമർശിക്കാതെ മുഖ്യമന്ത്രിയുടെ വിമർശനം.
ധീരജ് എന്ന വിദ്യാർഥിയുടെ കൊലപാതകത്തെ കോൺഗ്രസ് ന്യായീകരിക്കുകയാണ്. അക്രമികളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് സംരക്ഷണം നൽകുകയും ചെയ്യുകയാണ്. എന്നാൽ, നിയമസഭയിൽ കൊലപാതകങ്ങളെയും ആക്രമണങ്ങളെയും സംബന്ധിച്ചു പറയുമ്പോൾ പ്രതിപക്ഷം ചില കൊലപാതകങ്ങളെ വിട്ടുകളയുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ALSO READ: സിൽവർ ലൈൻ: വായ്പ വ്യവസ്ഥകളെ കുറിച്ചുള്ള തീരുമാനം പിന്നീടെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ
ധീരജിന്‍റെ കൊലപാതകത്തിന് പിന്നിലുള്ളവരെ ആരെയും ന്യായീകരിക്കില്ലെന്നും സംരക്ഷിക്കില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മറുപടി നൽകി. ദൗർഭാഗ്യകരമായ കൊലപാതകമാണ് ഇടുക്കിയിൽ നടന്നത്. സി.പി.എം നടത്തിയത് പോലെ ഗൂഢാലോചന നടത്തിയുള്ള കൊലപാതകമല്ല അത്.
ആറുപേരെ 350 ലധികം പേർ കൂട്ടമായി അക്രമിച്ചപ്പോൾ സംഭവിച്ചതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ പരാമർശത്തിൽ ഭരണപക്ഷം പ്രതിഷേധമുയർത്തി.