തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ നാളെ തുടങ്ങും. ബജറ്റ് അവതരിപ്പിക്കാൻ ചേരുന്ന സമ്മേളനം പിണറായി സർക്കാരിന്‍റെ ഭരണകാലത്തെ അവസാനത്തേതായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും ഭരണപ്രതിപക്ഷങ്ങളുടെ അവസാനത്തെ നേർക്കുനേർ വാദപ്രതിവാദങ്ങളുടെ വേദി കൂടിയാകും സമ്മേളനത്തിൽ ഒരുങ്ങുക.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഭയിൽ നയ പ്രഖ്യാപനം നടത്തും. കാർഷിക നിയമങ്ങൾക്കെതിരെയും കേന്ദ്ര നയങ്ങൾക്കെതിരെയും പ്രസംഗത്തിൽ പരാമർശമുണ്ട്. നയപ്രഖ്യാപനം ഗവർണർ അംഗീകരിച്ച സാഹചര്യത്തിൽ കേന്ദ്ര വിരുദ്ധ പരാമർശങ്ങൾ അദ്ദേഹം സഭയിൽ വായിക്കും. അതേസമയം, സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫീസുകളിലേക്ക് നീണ്ട അന്വേഷണങ്ങൾക്ക് ശേഷം ആദ്യമായാണ് ദിവസങ്ങളോളം സമ്മേളനം ചേരുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം സഭാ നടപടികൾ തടസപ്പെടുത്താൻ സാധ്യതയുണ്ട്. മുൻ സമ്മേളനങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷം സ്പീക്കറെയും ലക്ഷ്യം വയ്ക്കും. സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയവും സഭ ചർച്ച ചെയ്യും.
സിഎജി റിപ്പോർട്ട് പുറത്തുവിട്ട തോമസ് ഐസക് അവകാശം ലംഘനം നടത്തിയെന്ന പരാതിയിൽ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടും സഭയിലെത്തും. കമ്മിറ്റി ശുപാർശ ചെയ്യുകയും സഭ അംഗീകരിക്കുകയും ചെയ്താൽ തോമസ് ഐസക്കിനെതിരെ നടപടി ഉണ്ടായേക്കും. കേരള കോൺഗ്രസിലെ കൂറുമാറ്റ പ്രശ്നവും സ്പീക്കറുടെ പരിഗണനയിലാണ്. ജനുവരി 15നാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നത്. നികുതി വർധന നിർദേശങ്ങൾ ഒഴിവാക്കി തുടർഭരണം ലക്ഷ്യമിട്ടുകൊണ്ട് എല്ലാ വിഭാഗങ്ങളെയും പ്രീതിപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ആയിരിക്കും ബജറ്റിൽ ഉണ്ടാവുക. നിയമസഭാ സമ്മേളനം 28 വരെയാണ് ചേരുക. കൊവിഡ് പശ്ചാത്തലത്തിൽ സമ്മേളന കാലത്ത് സഭയിൽ സന്ദർശകരെ പ്രവേശിപ്പിക്കില്ല.