തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി രണ്ടാം വട്ടം അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആറുമാസം പൂര്‍ത്തിയാക്കുന്നു. 2021 മെയ് 20നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍പാകെ രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് ഭരണമേല്‍ക്കുന്നത്. മന്ത്രിസഭയില്‍ സി.പി.എമ്മിന്‍റെയും സി.പി.ഐയുടെയും പുതുമുഖങ്ങളാണധികവും എന്നത് ശ്രദ്ധേയമാണ്.
പുതുമുഖങ്ങളുമായി രണ്ടാം പിണറായി സർക്കാർ
സി.പി.എമ്മില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ.രാധാകൃഷ്‌ണന്‍ എന്നിവരൊഴികെ മുഴുവന്‍ അംഗങ്ങളും പുതുമുഖങ്ങളാണ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. സി.പി.ഐയിലാകട്ടെ ഒന്നാം പിണറായി സര്‍ക്കാരിലേതുപോലെ ഇത്തവണയും 4 പേരും പുതുമുഖങ്ങള്‍. എ.കെ.ശശീന്ദ്രന്‍, കെ.കൃഷ്‌ണന്‍കുട്ടി എന്നിവരൊഴിച്ചുള്ള പുതുമുഖ ടീമിന്‍റെ ക്യാപ്‌റ്റനാണ് ഇത്തവണ പിണറായി എന്നത് ശ്രദ്ധേയം.
രണ്ടാം ഇടതുസര്‍ക്കാരിന്‍റെ മധുവിധു പൂര്‍ത്തിയാവുകയാണ്. എങ്കിലും ഒന്നാം പിണറായി സര്‍ക്കാരിന്‍റെ പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങളിലാണ് ഊന്നല്‍. മന്ത്രിമാര്‍ സ്വന്തം നിലയില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോഴും സര്‍ക്കാരിന്‍റെ പ്രത്യേകിച്ചും ഒരു ഇടതു സര്‍ക്കാരിന്‍റെ സുതാര്യത ഇക്കുറിയും ചോദ്യ ചിഹ്നമാണ്.
മാധ്യമങ്ങൾക്ക് മുന്‍പില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി
മുഖ്യമന്ത്രി മാധ്യമങ്ങളുമായി വേണ്ടവിധം സംസാരിക്കുന്നില്ലെന്ന വിമര്‍ശനം ഇത്തവണയും ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലിയാണ് മുഖ്യമന്ത്രിക്കെന്നാണ് പ്രതിപക്ഷ ആരോപണം. രണ്ടാം പിണറായി സര്‍ക്കാര്‍ എന്നത് കൊവിഡും പ്രളയവും സൃഷ്‌ടിച്ച സര്‍ക്കാരാണെന്ന പ്രതിപക്ഷ വിമര്‍ശനത്തില്‍ കഴമ്പില്ലാതില്ലെന്ന കാര്യം രാഷ്ട്രീയ നിരീക്ഷകരടക്കം പങ്കുവയ്ക്കുന്നുണ്ട്.
മരംമുറിയിൽ പിഴച്ച തുടക്കം
സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടുവെങ്കില്‍ ഇത്തവണയും ആ സാഹചര്യങ്ങളില്‍ മാറ്റമില്ല. മുട്ടില്‍ മരം മുറിക്കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ ഇതുവരെയും നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തതെന്തെന്ന ചോദ്യം പ്രസക്തമായി തുടരുന്നു.
മുല്ലപ്പെരിയാറിലും മൗനം
കേരളത്തിന്‍റെ പ്രത്യേകിച്ചും മധ്യ കേരളത്തിന്‍റെ വൈകാരിക പ്രശ്‌നമായ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മരം മുറി വിവാദത്തിലും മുഖ്യമന്ത്രി പ്രതികരണത്തിന് തയാറാകാത്തതെന്തെന്ന ചോദ്യവും നിര്‍ണായകമാണ്. പൊതുവില്‍ ബിജെപിയെ എതിര്‍ക്കുന്നു എന്ന് സി.പി.എം പറയുമ്പോഴും നരേന്ദ്ര മോദിക്കെതിരെ പരസ്യ വിമര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനു മടിക്കുന്നു എന്ന പ്രതിപക്ഷ വിമര്‍ശനത്തിനും മറുപടിയില്ല.
നിയന്ത്രിക്കാനാവാതെ സി.പി.എം
അതേസമയം സമീപകാലത്തൊന്നുമില്ലാത്ത വിധത്തില്‍ തുടര്‍ച്ചയായി വീണ്ടും സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചതിന്‍റെ ഖ്യാതിയുമായി നിൽക്കുന്ന പിണറായിയെ നിയന്ത്രിക്കാന്‍ സി.പി.എമ്മിനാകുന്നുമില്ല. അഖിലേന്ത്യാതലത്തില്‍ തകര്‍ന്നടിഞ്ഞ സി.പി.എമ്മിനെ തുടര്‍ച്ചയായി കേരളത്തില്‍ അധികാരത്തില്‍ നിലനിര്‍ത്തുന്ന നേതാവെന്ന പരിവേഷമാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിനുമുള്ളത്. ഈ സാഹചര്യത്തില്‍ വരുന്ന നാലര വര്‍ഷക്കാലം പിണറായി വിജയന്‍റെ തീരുമാനങ്ങള്‍ തന്നെയാകും ഇടതു സര്‍ക്കാരിന്‍റേത് എന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കുമുള്ളത്.
Also Read: Indian Farm Laws| മുട്ടുമടക്കി കേന്ദ്രം; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും