തിരുവനന്തപുരം : കുവൈറ്റിൽ പോകാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ (Popular Front worker Arrested In Trivandrum Airport). തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശി സുൾഫി ഇബ്രാഹിമാണ് (Sulfi Ibrahim) പിടിയിലായത്. ഇയാൾക്കായി എൻഐഎ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയിൽ ഇയാളെ എൻഐഎ തിരയുന്നതായി തിരിച്ചറിയുകയും വിമാനത്താവള അധികൃതർ വലിയതുറ പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് വലിയതുറ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വലിയതുറ പൊലീസ് പിന്നീട് ഇയാളെ എൻഐഎക്ക് കൈമാറി. നിരോധിത ഇസ്‌ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു എൻഐഎ.
ഇതിനിടെയാണ് സുൾഫി ഇബ്രാഹിം അറസ്റ്റിലാകുന്നത്. പിടിയിലായ ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനു കൊച്ചിയിലേക്ക് കൊണ്ടു പോയി. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
തുടർന്നാണ് എൻഐഎ ലുക്ക് ഔട്ട് നോട്ടിസ് പുറത്തുവിട്ടത്. പോപ്പുലർ ഫ്രണ്ടിന്‍റെ ചുമതല നിർവഹിച്ചിരുന്ന ഇയാൾ ഞായറാഴ്‌ച (8-10-2023) രാവിലെയാണ് പിടിയിലാകുന്നത്. ഇതിനു മുൻപ് സുൾഫിയുടെ നെടുമങ്ങാട്ടെ വീട്ടിൽ എൻഐഎ നടത്തിയ റെയ്‌ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു.