തിരുവനന്തപുരം: കെ.പി.സി.സിയിലും കീഴ് ഘടകങ്ങളിലും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി. ചാരാച്ചിറ രാജീവ്, സേവിയർ, രാജേഷ് കൈമാന എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹർജി കോടതി ഫയൽ സ്വീകരിച്ചു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ഡി.സി. സി പ്രസിഡന്റ് പാലോട് രവി, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ടി. വി. രാധാകൃഷ്‌ണൻ എന്നിവര്‍ ഈ മാസം 29ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശമുണ്ട്. രണ്ടാം അഡീഷണല്‍ മുൻസിഫ് അരുൺ കുമാറിന്‍റെതാണ് ഉത്തരവ്. കെ.പി.സി.സിയിലും, ഡിസിസി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഭരണഘടനയ്ക്കും ഇലക്ഷൻ നിയമത്തിനും വിധേയമായി മാത്രമെ തെരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുക്കുവാൻ പാടുള്ളൂ എന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
സമൂഹത്തിലിറങ്ങി പ്രവർത്തിക്കാൻ കഴിയാത്തവർ സ്ഥാനമാനങ്ങൾക്ക് വേണ്ടി പിൻവാതിലിലൂടെ കടന്ന് കയറി നോമിനേഷനിലൂടെ കമ്മിറ്റികളിൽ എത്തുന്ന പതിവ് നിർത്തലാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുപ്പുകൾ നടത്തണമെന്ന് ഭരണഘടന വിഭാവനം ചെയ്യുമ്പോൾ അതിനു വിരുദ്ധമായുള്ള നോമിനേഷൻ രീതി തുടർന്ന് പോകരുതെന്നാണ് പ്രവർത്തകരുടെ വികാരമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജിക്കാർക്ക് വേണ്ടി പുഞ്ചക്കരി ജി. രവീന്ദ്രൻ നായർ ഹാജരായി.