തിരുവനന്തപുരം: ഇത് ബാഷ. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി ഷെരീഫ് എം ജോർജിൻ്റെ മുളമൂട്ടിൽ വീട്ടിലെ ഗ്രേറ്റ് ഡെയ്ൻ ഇനത്തിൽപ്പെട്ട വളർത്തുനായ. ശക്തവും കുതിച്ചുയരുന്നതുമായ രൂപമുള്ള, ഉയരം കുറഞ്ഞ മുടിയുള്ള ഇനം. ഗാംഭീര്യമായ ശബ്‌ദം. ബാഷയ്‌ക്ക് ഒരു പൂർവകാലമുണ്ട്.
ഒരു വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2021 ഡിസംബർ 18ന് കഴക്കൂട്ടം - കോവളം ബൈപ്പാസ് റോഡിലെ കല്ലുവെട്ടാൻ കുഴിയിൽ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ട് ഉടമസ്ഥൻ പോകുമ്പോൾ ദയനീയമായിരുന്നു ബാഷയുടെ അവസ്ഥ. ആഹാരമില്ലാതെ ശരീരം ഒട്ടി എല്ലുകൾ പുറത്തേക്കുന്തിയ നിലയിലാണ് ഷെരീഫ് ബാഷയെ കാണുന്നത്. രണ്ടാമതൊന്ന് ചിന്തിക്കാതെ ഒപ്പം കൂട്ടി.
മൃഗഡോക്‌ടർമാരുടെ അഭിപ്രായം തേടി ചികിത്സയും മരുന്നും നൽകി. പതിയെ ആഹാരം കഴിച്ചു തുടങ്ങി. പ്രോട്ടീൻ കലർന്ന ആഹാരം നൽകി ആരോഗ്യം വീണ്ടെടുത്തു. ഇന്നവൻ പൂർണ ആരോഗ്യവാനാണ്. ഷെരീഫ് തന്നെയാണ് നായക്ക് ബാഷ എന്ന പേരിട്ടതും.
ഷെരീഫ് 'ബാഷ' എന്ന് വിളിക്കുമ്പോൾ അവൻ വാലാട്ടി ഓടിയെത്തും. ശരീരത്തിൽ ചാടിക്കയറി സ്നേഹം ആവോളം പ്രകടിപ്പിക്കും. എന്നും രാവിലെ പ്രഭാതസവാരി. അതുകഴിഞ്ഞ് മിക്‌സഡ് ഡയറ്റ് ആഹാരം. ഇപ്പോൾ ഇങ്ങനെയാണ് ബാഷയുടെ ദിനചര്യ. ആക്രമണകാരിയല്ലാത്തതിനാൽ നാട്ടുകാർക്കും പ്രിയങ്കരനാണ് ബാഷ.
ബാഷ മാത്രമല്ല, 16 വർഷങ്ങൾക്ക് മുൻപ് കോവളം ബീച്ചിൽ ഉടമസ്ഥൻ ഉപേക്ഷിച്ചു പോയ ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെട്ട നായയും ഇന്ന് ഷെരീഫിൻ്റെ വീട്ടിലെ അംഗമാണ്. കൗതുകത്തിന് വളർത്തുമൃഗങ്ങളെ വാങ്ങി അവയെ ഉപേക്ഷിക്കുന്നവരോട് ഷെരീഫിന് ഒന്നേ പറയാനുള്ളൂ. അവയെ റോഡരികിൽ ഉപേക്ഷിക്കാതെ റെസ്‌ക്യൂ ഹോം അടക്കമുള്ള സംവിധാനങ്ങളിലേക്ക് കൈമാറുക.
മൃഗങ്ങളോടുള്ള ക്രൂരത അനുദിനം വർധിച്ചു വരുന്ന ഈ കാലത്ത് കൗതുകമുണർത്തുന്നതാണ് ഷെരീഫിൻ്റെയും ബാഷയുടെയും സ്‌നേഹത്തിൻ്റെയും ഇണക്കത്തിൻ്റെയും കഥ.