തിരുവനന്തപുരം: എൻസിപി സംസ്ഥാന അധ്യക്ഷനായി പി.സി. ചാക്കോ ചുമതലയേറ്റു. സംസ്ഥാന അധ്യക്ഷന്‍റെ ചുമതല വഹിച്ചിരുന്ന ടി.പി. പീതാംബരൻ മാസ്റ്റർ, നിയുക്ത മന്ത്രി എ.കെ. ശശീന്ദ്രൻ, നിയുക്ത എംഎൽഎ തോമസ് കെ. തോമസ്, സംസ്ഥാന ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്. കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കളും പ്രവർത്തകരും എൻസിപിയിലേക്ക് എത്തുമെന്ന് ചുമതലയേറ്റശേഷം പി.സി. ചാക്കോ പറഞ്ഞു.
ബിജെപിയോട് പോരാടാൻ കോൺഗ്രസിന് കഴിയില്ല. കോൺഗ്രസിന്‍റെ അന്തപുര തീരുമാനമെടുത്തിരുന്നയാളെന്ന നിലക്ക് തനിക്കിത് ആധികാരികമായി പറയാൻ കഴിയും. കോൺഗ്രസ് മുക്ത ഭാരതം ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഇന്നത്തെ കോൺഗ്രസ് നേതൃത്വമാണ്. കോൺഗ്രസിന് തിരിച്ചുവരാൻ കഴിയില്ലെന്ന ആശങ്ക രാജ്യത്ത് രൂപപ്പെട്ടിട്ടുണ്ട്. ബിജെപി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകാൻ എൻസിപിക്ക് കഴിയും. കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ആത്മഹത്യാ പ്രവണതയാണ്. ഇതുവരെ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല. നിരാശരായ കോൺഗ്രസ് പ്രവർത്തകരെ എൻസിപിയിൽ എത്തിച്ച് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും പി.സി. ചാക്കോ കൂട്ടിച്ചേർത്തു.
Also Read: രണ്ടാം പിണറായി സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ വൈകീട്ട് മൂന്നിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍