തിരുവനന്തപുരം: വിവിധ സേനാവിഭാഗങ്ങൾ പുഷ്‌പ വൃഷ്‌ടി നടത്തുമ്പോൾ ആരോഗ്യ പ്രവർത്തകരെ ആരതിയുഴിഞ്ഞ് ആദരിക്കുകയാണ് നെയ്യാറ്റിൻകരയിലെ 'പൗരാവലി' സംഘടന. നെയ്യാറ്റിൻകരയിൽ റിപ്പോർട്ട് ചെയ്‌ത കൊവിഡ് കേസ് നെഗറ്റീവ് ആയെങ്കിലും താലൂക്കിലെ ആരോഗ്യവകുപ്പ് ജീവനക്കാരോട് പലരും കാണിക്കുന്ന അവഗണനക്കെതിരെയാണ് പൗരാവലി ഇത്തരത്തിലൊരു ഉദ്യമം നടത്തിയത്.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെയും കൊവിഡ് റിപ്പോർട്ട് ചെയ്തിരുന്നതായി പറയുന്ന സ്വകാര്യ ആശുപത്രിയിലെയും ജീവനക്കാർ ഉൾപ്പെടെ, നഗരസഭാ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെയാണ് പൗരാവലി ആദരിച്ചത്. കഴിഞ്ഞദിവസം ഓലത്താന്നിയിലും മാരായമുട്ടത്തുമുള്ള ആരോഗ്യ പ്രവർത്തകരുടെ കുടുംബാംഗങ്ങൾക്ക് മോശം അനുഭവം നേരിട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പൗരാവലിയുടെ നടപടി. നഗരസഭ ഉപാധ്യക്ഷൻ കെ.കെ ഷിബു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് മഞ്ചൻതല സുരേഷ്, കൗൺസിലർ പ്രവീൺ തുടങ്ങിയവർ ഉൾപ്പെട്ട പൗരാവലിയുടെ നേതൃത്വത്തിലായിരുന്നു ആദരിക്കൽ ചടങ്ങ് ഒരുക്കിയത്.