തിരുവനന്തപുരം: ഒന്നര വർഷം നീണ്ട നിർമാണത്തിന് ശേഷം പട്ടം സെന്‍റ് മേരീസ് സ്‌കൂളിന് മുന്നിൽ കാൽനട മേൽപാലം യാഥാർഥ്യമായി. പാലം തുറക്കുന്നതോടെ സ്‌കൂളിലെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അപകട ഭീതിയില്ലാതെ ഇനി റോഡ് മുറിച്ച് കടക്കാം. നഗരത്തിലെ രണ്ടാമത്തെ കാൽനട മേൽപാലമാണിത്.
ഏഷ്യയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്നതിന്‍റെ ഖ്യാതിയുള്ള പട്ടം സെന്‍റ് മേരീസ് സ്‌കൂളിന് മുമ്പിൽ ദിവസേന വലിയ ഗതാഗതക്കുരുക്കാണ്. തൽഫലമായി കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവായി. ഇതോടെയാണ് കാൽനട മേൽപാലം നിർമിക്കാൻ തീരുമാനമായത്. പാലം യാഥാർഥ്യമായ സാഹചര്യത്തിൽ സ്കൂൾ തുറന്നെത്തുമ്പോൾ കുട്ടികൾക്ക് പേടികൂടാതെ റോഡ് മുറിച്ചുകടക്കാമെന്ന ആശ്വാസത്തിലാണ് സ്‌കൂൾ അധികൃതർ. ഒരു കോടി പത്ത് ലക്ഷം രൂപ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ചെലവിട്ട് സൺ ഇൻഫ്രാ സ്‌ട്രക്ചര്‍ എന്ന കമ്പനിയാണ് മേൽപാലം നിർമിച്ചത്. സിസിടിവി ക്യാമറയടക്കമുള്ള സജ്ജീകരണങ്ങൾ പാലത്തിൽ ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ കോട്ടൺഹിൽ സ്‌കൂളിന് മുന്നിലാണ് ആദ്യ മേൽപാലം നിര്‍മിച്ചത്. മൂന്നാമത്തെ മേല്‍പാലത്തിന്‍റെ നിർമാണ നടപടികൾ കിഴക്കേക്കോട്ടയിൽ ആരംഭിച്ചു കഴിഞ്ഞു.