തിരുവനന്തപുരം: പൂവാറിലെ ചരിത്ര പ്രാധാന്യമുള്ള അനന്ത വിക്ടോറിയ മാർത്താണ്ഡം കായലിന്‍റെ ഭാഗമായ ചകിരിയാർ ശോചനീയാവസ്ഥയിൽ. മാലിന്യം നിറഞ്ഞ്, ഒഴുക്ക് നശിച്ച ചകിരിയാറിനായി പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതികളെല്ലാം കടലാസിൽ മാത്രം ഒതുങ്ങി. അവഗണനയെ തുടർന്ന് ആറിന്‍റെ ഇരുവശങ്ങളും നിലവില്‍ സ്വകാര്യ വ്യക്തികളുടെ കൈകളിലാണ്. തിരുവിതാംകൂർ ഭരിച്ചിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡ വർമ ചരക്ക് ഗതാഗതത്തിനായി നിർമിച്ച എവിഎം കനാലിന്‍റെ ഭാഗമായ ചകിരിയാര്‍ പ്ലാസ്റ്റിക് മാലിന്യവും ചെളിയും നിറഞ്ഞ് ഒഴുക്ക് നശിച്ച മാലിന്യ കൂമ്പാരമാണിന്ന്. പൂവാർ പ്രദേശത്തെ മലിനജലം ആറ്റിലേക്ക് ഒഴുക്കുന്നതിനാൽ ദുർഗന്ധവും കൊതുകും കാരണം പൊറുതിമുട്ടുകയാണ് സമീപവാസികൾ.
പൂവാർ ചെറിയ പാലത്തിന് സമീപത്ത് നിന്നും ആരംഭിക്കുന്ന ചകിരിയാറില്‍ മുപ്പത് മീറ്ററിലധികം വീതിയുണ്ടായിരുന്ന പലയിടവും അഞ്ച് മീറ്ററായി ചുരുങ്ങി. നാട്ടുകാരുടെ പരാതി അസഹനീയമാകുമ്പോൾ തൊഴിലുറപ്പ് ജീവനക്കാരെ ഉപയോഗിച്ച് വശങ്ങളിലെ കാട് വെട്ടുന്നതല്ലാതെ ആറിന്‍റെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള ഒരു നടപടിയും പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ വർഷം ഗ്രാമ പഞ്ചായത്ത് ചകിരിയാർ നവീകരണത്തിനായി പദ്ധതി തയ്യാറാക്കി ജില്ലാ പഞ്ചായത്തിന് സമർപ്പിച്ചെങ്കിലും തുടർ നടപടിയായില്ല. ഒരു കാലത്ത് ജനങ്ങൾ കുടിവെള്ളത്തിനടക്കം ആശ്രയിച്ചിരുന്ന ചകിരിയാറിന്‍റെ ശാപമോക്ഷത്തിന് സർക്കാർ മുൻകൈയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.