തിരുവനന്തപുരം: ദേശീയ പാതയിൽ പള്ളിപ്പുറം ടെക്നോസിറ്റിയ്ക്ക് സമീപം നടന്ന സ്വർണ്ണ കവർച്ചയിൽ പ്രതികളായ നാലു പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരിൽ നാലുപേരാണ് ഇപ്പോൾ അറസ്റ്റിലായത്. പെരുമാതുറ കൊട്ടാരംതുരുത്ത് ദാറുൽസലാം വീട്ടിൽ നെബീൽ (28 ), പെരുമാതുറ കൊട്ടാരംതുരുത്ത് പടിഞ്ഞാറ്റുവിള വീട്ടിൽ അൻസർ (28 ), മംഗലപുരം വെള്ളൂർ പള്ളിയ്ക്ക് സമീപം ഫൈസൽ (24 ) എന്നിവരും കവർച്ച മുതൽ വിൽപന നടത്തിയും പണയം വെച്ചും പ്രതികളെ സഹായിച്ച പെരുമാതുറ സ്വദേശി നൗഫൽ (25) എന്നിവരാണ് അറസ്റ്റിലായത്. 100 പവനോളം കവർച്ച ചെയ്തതിൽ 13 വളകൾ, 7 മോതിരം, 4 കമ്മൽ, മൊബൈൽ ഫോണുകൾ എന്നിവ തെളിവെടുപ്പിനിടെ പ്രതികളിൽ നിന്നും പൊലീസ് കണ്ടെടുത്തു. കവർച്ചയ്ക്ക് പ്രതികൾ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലാണ്. കവർച്ചയിൽ പങ്കെടുത്ത മുഖ്യ ആസൂത്രകൻ ഉൾപ്പടെയുള്ള മറ്റു പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. അവർക്കായി അന്വേഷണം നടന്നുവരുന്നതായും ആറ്റിങ്ങൽ ഡിവൈഎസ്‌പി സി.എസ്. ഹരി പറഞ്ഞു.
കൂടുതൽ വായനയ്‌ക്ക്: പള്ളിപ്പുറം കവര്‍ച്ചാസംഘം പിടിയില്‍
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് നെയ്യാറ്റിൻകരയിൽ ജ്വല്ലറി നടത്തുന്ന സമ്പത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം എട്ടു പേരടങ്ങുന്ന സംഘം കാർ തടഞ്ഞു സ്വർണം അപഹരിച്ചത്. കാർ തടഞ്ഞു നിറുത്തി വെട്ടുകത്തി വച്ച് ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടി എറിഞ്ഞായിരുന്നു കവർച്ച. ഒപ്പം ഉണ്ടായിരുന്ന സമ്പത്തിന്‍റെ ബന്ധു ലക്ഷ്‌മണയെ സംഘം തട്ടിക്കൊണ്ടുപോകുകയും പിന്നീട് തിരികെ എത്തിക്കുകയും ചെയ്‌തു. കൂടാതെ കഴിഞ്ഞ ദിവസം പ്രതികൾ കവർച്ച നടത്താൻ ശ്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഘത്തിലെ ചിലരെ അറസ്‌റ്റ് ചെയ്‌തത്.
കൂടുതൽ വായനയ്‌ക്ക്: തലസ്ഥാനത്തെ സ്വർണക്കവർച്ച; സിസിടിവി ദൃശ്യം പുറത്ത്