തിരുവനന്തപുരം : അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതല്ല ഇസ്‌ലാമിക സമീപനമെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി. എലത്തൂർ തീവയ്‌പ്പ് കേസിൽ പ്രതി സ്ഥാനത്ത് മുസ്‌ലിം പേര് വന്നത് ദുഃഖകരമാണ്. ഒരു മതവും ഭീകരപ്രവർത്തനത്തെ അനുകൂലിക്കുന്നില്ല. യഥാർഥ പ്രതികളെ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പാളയം മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച ഈദ് ഗാഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ രക്തത്തിനും സമ്പത്തിനും സംരക്ഷണം നല്‍കുന്നവനാണ് യഥാര്‍ഥ വിശ്വാസിയെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം ഒരു വരണ്ട മതമല്ല. കലയും ആഘോഷവും ചേർന്ന സർഗാത്മകതയാണ് ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്നത്. മദ്യവും ലഹരിയും ഉപയോഗിച്ചുള്ള ആഘോഷം നമുക്ക് വേണ്ട.
ചരിത്രത്തെ കുറിച്ചും ഇമാം : നമ്മുടെ രാജ്യത്തിന്‍റെ ചരിത്രവും പൈതൃകവും നമുക്ക് അഭിമാനിക്കാനുള്ളതാണ്. രാജ്യത്തിന്‍റെ ചരിത്രം നമ്മുടെ അന്തസാണ്. ജാതി മത വ്യത്യാസങ്ങളില്ലാതെ എല്ലാവരും കൂടി കെട്ടിപ്പടുത്തതാണ് ഈ രാജ്യം. എല്ലാവരുടെയും വിയര്‍പ്പിന്‍റെയും അധ്വാനത്തിന്‍റെയും ഫലമാണ് നമ്മുടെ സ്വാതന്ത്ര്യം.
ചരിത്രം വെട്ടിമാറ്റാനുള്ള ചിലരുടെ നടപടി ഒട്ടും അംഗീകരിക്കാനാകാത്തത് : അബുള്‍ കലാം ആസാദിനെ പോലുള്ളവരുടെ ചരിത്രം പോലും പാഠ ഭാഗങ്ങളില്‍ നിന്ന് നീക്കം ചെയ്‌ത നടപടി അത്യന്തം അപലപനീയമാണ്. അതിനോട് യോജിക്കാന്‍ കഴിയില്ലെന്നും ഇമാം പറഞ്ഞു. സ്വാതന്ത്ര്യത്തിനും മതസൗഹാര്‍ദത്തിനും രാപ്പകല്‍ വിയര്‍പ്പെഴുക്കിയ അബുള്‍ കലാം ആസാദിനെ പോലുള്ള ഒരു വ്യക്തിയുടെ ചരിത്രം പുസ്‌തകങ്ങളില്‍ നിന്ന് എടുത്ത് മാറ്റിയത് കടുത്ത അനീതിയാണ്. അതുകൊണ്ട് എന്‍സിഇആര്‍ടി പുനര്‍ വിചിന്തനത്തിന് തയ്യാറാകേണ്ടതുണ്ടെന്നും ഇമാം പറഞ്ഞു.
സംഭവം ന്യായീകരിക്കാൻ സാധിക്കാത്തതാണ്. രാഷ്ട്ര നിർമാണത്തിൽ എല്ലാവർക്കും പങ്കുണ്ട്. ചരിത്രം വെട്ടിമാറ്റാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ചരിത്രമെന്ന് പറയുന്നത് വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. അതിനെ ഏക ശിലാത്‌മകമാക്കാനാണ് ചിലര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ സംസ്‌കാരത്തിന് യോജിച്ച നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
more read: പുണ്യ റമദാനിന് പരിസമാപ്‌തി, തക്‌ബീര്‍ ധ്വനികള്‍ മുഴങ്ങി മസ്‌ജിദുകള്‍; ഇന്ന് ചെറിയ പെരുന്നാള്‍
എല്ലാ മതങ്ങളും മനുഷ്യരെ പഠിപ്പിക്കുന്നത് സമാധാനമാണ്. അതിനെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ മനുഷ്യര്‍ക്ക് ആപത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയില്‍ വിവിധയിടങ്ങളില്‍ ഒരുക്കിയ ഈദ് ഗാഹുകളിലേക്ക് ആയിര കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. റമദാനിലെ മുപ്പത് നോമ്പും പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഇത്തവണ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
കൈകളില്‍ മൈലാഞ്ചി കൊണ്ട് വിസ്‌മയം തീര്‍ത്തും മധുരം നല്‍കിയും അതിഥികളെ സ്വീകരിച്ചും വീടുകളില്‍ സ്‌ത്രീകളും കുട്ടികളും ആഘോഷത്തിമര്‍പ്പിലാണ്.