തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്‍റെ തകര്‍ച്ചയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. കരാര്‍ കമ്പനിക്കാണ് സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണ കരാര്‍ ഏറ്റെടുത്തിരുന്ന ആര്‍ഡിഎസ് എന്ന കമ്പനിയോടാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. 24.52 കോടി രൂപയുടെ നഷ്ടപരിഹാരം കമ്പനി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പാലം പുതുക്കിപണിതതിന് ചെലവായ തുകയാണ് ആവശ്യപ്പെട്ടത്. നിര്‍മാണ കരാറില്‍, പാലം നിര്‍മാണത്തില്‍ സര്‍ക്കാരിന് നഷ്ടമുണ്ടാവുകയോ നിര്‍മാണത്തില്‍ അപാകതയുണ്ടാകുകയോ ചെയ്താല്‍ കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കരാറിലെ ഈ ഭാഗം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
പാലം പുനര്‍ നിര്‍മിച്ചതിന് ചെലവായ 22 കോടിയും, 75 ലക്ഷം രൂപ പാലത്തിന്‍റെ ബലക്ഷയം സംബന്ധിച്ച് പഠിക്കാനെത്തിയ വിദഗദ്ധസംഘത്തിന്‍റെ ചെലവായും അഞ്ച് ശതമാനം നികുതിയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ പാലത്തിന്‍റെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ കൂടുതല്‍ തുക ചെലവായാല്‍ അതും കരാര്‍ കമ്പനിയായ ആര്‍ഡിഎസ് നല്‍കണമെന്നും സര്‍ക്കാര്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.