തിരുവനന്തപുരം: പാലാരിവട്ടം പാലം നിർമാണത്തിൽ അഴിമതിയുണ്ടായതു കൊണ്ട് കരാറെടുത്ത കമ്പനിയെ മറ്റെല്ലാ നിർമാണ പ്രവർത്തനങ്ങളിൽ നിന്നും വിലക്കാനാവില്ലെന്ന് മന്ത്രി ജി സുധാകരൻ. പാളയം കണ്ണിമാറ മാർക്കറ്റ് നവീകരണത്തിന് ഇതേ കമ്പനിക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ട് വിവാദമുയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ആർഡിഎസ് പ്രോജക്ട് എന്ന കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയിട്ടില്ല. ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക ആവശ്യപ്പെട്ടതുകൊണ്ടാണ് കരാർ നൽകിയത്. പാലാരിവട്ടം പാലത്തിൻ്റെ നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സർക്കാർ നടപടിയെടുത്തിട്ടുണ്ട്. കരാറുകാരനെ വെടി വച്ചു കൊല്ലാൻ സർക്കാരിന് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കണ്ണിമാറ മാർക്കറ്റ് നിർമാണ പ്രവർത്തനത്തിൽ ഗുണനിലവാരം ഉറപ്പാക്കുമെന്നും നിയമപരമായാണ് കമ്പനിക്ക് കരാർ നൽകിയതെന്നും മേയർ കെ.ശ്രീകുമാർ പറഞ്ഞു.