തിരുവനന്തപുരം: പാലാ സീറ്റ് എന്‍സിപിയില്‍ നിന്ന് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ ഇടതുമുന്നണിയില്‍ ധാരണയായതോടെ മുന്നണി വിടാന്‍ ആലോചിച്ച് എന്‍സിപിയിലെ ഒരു വിഭാഗം. പാലയും കാഞ്ഞിരപ്പള്ളിയും ജോസ് കെ മാണി വിഭാഗത്തിന് വിട്ടു കൊടുക്കാനാണ് തീരുമാനമായത് . തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം വന്നത് ഇടതുമുന്നണിക്ക് ഗുണം ചെയ്‌തിട്ടുണ്ടെന്ന വിലയിരുത്തലിന്‍റെ ഭാഗമായാണ് തീരുമാനം. അതുകൊണ്ടുതന്നെ സീറ്റ് വിഭജനത്തിലടക്കം കേരള കോൺഗ്രസിന് കൂടുതൽ പരിഗണന നൽകേണ്ടി വരുമെന്നും ഇടതുമുന്നണിയിലെ ഘടക കക്ഷികള്‍ സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. സിപിഐക്ക് കാഞ്ഞിരപ്പള്ളിക്ക് പകരം പൂഞ്ഞാര്‍ നല്‍കും. കാഞ്ഞിരപ്പള്ളി വിട്ടു കൊടുക്കുന്നതില്‍ സിപിഐക്കും എതിരഭിപ്രായമില്ലെന്നാണ് സൂചന.
ജോസ് കെ മാണി രാജ്യസഭാംഗത്വം ഉടന്‍ രാജിവെച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് സാധ്യത. ഒഴിവ് വരുന്ന സീറ്റ് ആര്‍ക്ക് നല്‍കണമെന്ന് ഇടതുമുന്നണിയുമായി ചേര്‍ന്ന് ആലോചിക്കുമെന്നും ജോസ് വിഭാഗം അറിയിച്ചിട്ടുണ്ട് . എന്നാല്‍ സിറ്റിങ് സീറ്റായ പാലാ വിട്ടുകൊടുക്കുന്നതിൽ എൻസിപിയിൽ എതിരഭിപ്രായമുണ്ട്. ഇങ്ങനെയൊരു നീക്കമുണ്ടായാല്‍ പാലാ എംഎൽഎ മാണി സി കാപ്പന്‍റെ നേതൃത്വത്തിൽ ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേക്കേറാനും നീക്കം നടക്കുന്നുണ്ട്. കൂടാതെ പാലയിൽ യുഡിഎഫ് സ്ഥാനാർഥിയായി മാണി സി കാപ്പൻ മത്സരിക്കുമെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം മുൻനിർത്തിയുള്ള ചർച്ചകളാണ് എൻസിപിയിൽ നടക്കുന്നത്.
മുന്നണി മാറ്റം വേണമെന്ന് ദേശീയ നേതൃത്വത്തെ മാണി സി കാപ്പൻ വിഭാഗം അറിയിച്ചിട്ടുണ്ട്. എന്നാൽ എൻസിപിക്കുള്ളിലെ ഒരു വിഭാഗം മുന്നണി മാറ്റത്തെ എതിർക്കുകയാണ്. മുന്നണി മാറ്റം ചർച്ച ചെയ്യില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പീതാംബരൻ മാസ്റ്ററും മന്ത്രി എ.കെ ശശീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. മുന്നണി മാറ്റത്തിലൂടെ എൻസിപിയുടെ വിജയസാധ്യത കുറയുമെന്നാണ് ഒരു വിഭാഗത്തിനെ അഭിപ്രായം. ഇടതുമുന്നണി വിടുന്നത് പാലാ സീറ്റിലെ സാധ്യത ഒഴികെ മറ്റെല്ലാ സീറ്റിലും ദോഷം ചെയ്യുമെന്ന് ദേശീയ നേതൃത്വത്തെ എ.കെ ശശീന്ദ്രൻ വിഭാഗം അറിയിച്ചിട്ടുണ്ട് . ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറിന്‍റെതാണ്. ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.