തിരുവനന്തപുരം : കുതിരാൻ രണ്ടാം തുരങ്കത്തിൻ്റെ ഒരു ഭാഗം ഇന്ന് തുറക്കും. പണി പൂർത്തിയായിട്ടില്ലെന്നും ഗതാഗതം വഴിതിരിച്ചുവിടുന്നതിൻ്റെ ഭാഗമായ ക്രമീകരണം മാത്രമാണ് നടത്തുന്നതെന്നും പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും റവന്യൂ മന്ത്രി കെ രാജനും അറിയിച്ചു.
അതേസമയം രണ്ടാം ടണൽ താൽക്കാലികമായി തുറക്കുന്നത് സംബന്ധിച്ച വിവരം ദേശീയപാത അതോറിറ്റി സർക്കാരിനെ അറിയിച്ചില്ലെന്ന് മന്ത്രിമാർ വ്യക്തമാക്കി. കൂടിയാലോചന ഇല്ലാതെയാണ് ദേശീയപാത അതോറിറ്റി തീരുമാനമെടുത്തത്.
ഗതാഗത ക്രമീകരണത്തിൻ്റെ ഭാഗമായി രണ്ടാം ടണലിൻ്റ ഒരു ഭാഗം താൽക്കാലികമായി തുറക്കുന്നുവെന്ന് ജില്ല കലക്ടർക്ക് കത്ത് നൽകിയപ്പോഴാണ് സർക്കാർ വിവരമറിയുന്നത്. ദേശീയ പാതാ അതോറിറ്റിയുടെ നിസ്സഹകരണ നിലപാടിൽ സർക്കാരിനുള്ള അതൃപ്തിയും ഇരു മന്ത്രിമാരും വ്യക്തമാക്കി.
also read: രവീന്ദ്രന്‍ പട്ടയം : 'പാര്‍ട്ടി ഓഫിസുകളെ തൊടാന്‍ അനുവദിക്കില്ല' ; സർക്കാരിനെതിരെ എംഎം മണി
ഏപ്രിൽ മാസത്തോടെ മാത്രമേ രണ്ടാം തുരങ്കം പൂർണമായും തുറക്കാനാവൂ. അതിനുമുമ്പ് ടോൾപിരിവ് നടത്തില്ല. ടോൾ പിരിവ് അംഗീകരിക്കില്ലെന്ന് ദേശീയപാത അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുത്ത് നൽകിക്കഴിഞ്ഞാൽ ദേശീയപാതയുമായി ബന്ധപ്പെട്ട സുരക്ഷ അടക്കമുള്ള ഏത് പ്രശ്നവും ദേശീയപാതാ അതോറിറ്റിയുടെ ഉത്തരവാദിത്തമാണെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
സർക്കാരും ജില്ല ഭരണകൂടവുമായി കൂടിയാലോചന നടത്തിയശേഷമേ പ്രധാന പ്രഖ്യാപനങ്ങൾ പാടുള്ളൂവെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാം തുരങ്കം തുറക്കുന്നു, ടോൾ പിരിവ് നടത്തുന്നു, എന്ന മട്ടിൽ പത്രങ്ങളിൽ തെറ്റായ വാർത്ത വന്നത് എങ്ങനെയെന്ന് പരിശോധിക്കുമെന്നും മന്ത്രിമാർ അറിയിച്ചു.