തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ആംബുലന്‍സുകള്‍ക്കായുള്ള ഓക്‌സിജൻ സ്റ്റോക്ക് വര്‍ധിപ്പിക്കുമെന്ന് കലക്‌ടർ ഡോ. നവ്ജ്യോത് ഖോസ. ഓക്‌സിജന്‍റെ തടസമില്ലാത്ത വിതരണം ഇതിലൂടെ ഉറപ്പാക്കാന്‍ സാധിക്കുമെന്നും കലക്‌ടര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വഴുതക്കാട് വിമന്‍സ് കോളജിലെ ജില്ലാ ഓക്‌സിജന്‍ വാര്‍ റൂമില്‍ ചേര്‍ന്നു. യോഗത്തില്‍ നിലവിലെ ഓക്‌സിജന്‍ ലഭ്യതയും ഉപയോഗവും കലക്‌ടര്‍ വിലയിരുത്തി.
Also Read: വാക്‌സിനില്ല, ഓക്‌സിജില്ല, മരുന്നുകളില്ല ഒപ്പം പ്രധാനമന്ത്രിയെയും കാണാനില്ലെന്ന് രാഹുല്‍ ഗാന്ധി
സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലേക്ക് നല്‍കുന്ന ഓക്‌സിജന്‍ സിലിണ്ടറുകളുടെ എണ്ണം കൃത്യമായി നിരീക്ഷിക്കും. ഇതിനായി ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജരെ ചുമതലപ്പടുത്തി. ജില്ലയിലെ ഓക്‌സിജന്‍ ഗ്യാസ് സിലിണ്ടര്‍ ഏജന്‍സികളിലെ ഓക്‌സിജന്‍ ലഭ്യതയും പ്രവര്‍ത്തനവും കൃത്യമായി നിരീക്ഷിക്കുന്നതിനായി ഒമ്പത് എക്‌സിക്യുട്ടീവ് മജിസ്ട്രേറ്റുമാരെ നേരത്തെ നിയമിച്ചിരുന്നു. നെടുമങ്ങാട് സബ് കലക്‌ടര്‍ ചേതന്‍ കുമാര്‍ മീണയ്‌ക്കാണ് ഇവരുടെ ഏകോപന ചുമതല. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലെ ഓക്‌സിജന്‍ ആവശ്യകത, ഉപയോഗം എന്നിവ തിട്ടപ്പെടുത്തുന്നതിനായി ഓക്‌സിജന്‍ ഓഡിറ്റ് ടീം രൂപീകരിക്കുമെന്നും കലക്‌ടര്‍ അറിയിച്ചു.