തിരുവനന്തപുരം : സഭാതര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിയമ നിര്‍മ്മാണം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഓര്‍ത്തഡോക്‌സ് സഭ. പള്ളികളില്‍ ഇന്ന് ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധദിനമായി ആചരിച്ചു. അതോടൊപ്പം പ്രമേയവും വായിച്ചു.
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമായി നാളെ (13.03.2023) രാവിലെ പാളയം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മലങ്കര സഭയിലെ മെത്രോപ്പൊലീത്തമാരും വൈദികരും അൽമായരും പങ്കെടുക്കുന്ന ഉപവാസ പ്രാര്‍ഥനയും പ്രതിഷേധവും നടത്തും. പ്രാര്‍ഥനായജ്ഞം എന്ന നിലയിലാണ് പ്രതിഷേധം നടത്തുക.
2017 ലെ സുപ്രീംകോടതി വിധിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നാണ് സഭയുടെ പ്രധാന ആരോപണം. അതേസമയം യാക്കോബായ സഭ സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കത്തെ സ്വാഗതം ചെയ്യുകയാണ്. സര്‍ക്കാരിന്‍റെ നിലപാട് സ്വാഗതം ചെയ്‌ത് യാക്കോബായ സഭയുടെ പള്ളികളില്‍ ഇന്ന് പ്രമേയം പാസാക്കി.
ഇപ്പോള്‍ നടക്കുന്ന നിയമസഭാസമ്മേളനത്തില്‍ തന്നെ നിയമം പാസാക്കാനാണ് തീരുമാനം. നിയമവിദഗ്‌ധരുമായി കൂടിയാലോചിച്ച ശേഷമാകും ബില്ലിന്‍റെ കരടിന് രൂപം നൽകുക. സൂപ്രീംകോടതി നിയമ ലംഘനമാകുമോ ഇതെന്ന് ഈ ഘട്ടത്തില്‍ പരിശോധിക്കും. ഇതിന് ശേഷമാകും ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുക.
അതേസമയം ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചുകഴിഞ്ഞാല്‍ യാക്കോബായ - ഓര്‍ത്തഡോക്‌സ് സഭകൾ തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകാനുള്ള സാഹചര്യവും മുന്നിലുണ്ട്. ഇത് പരിഗണിച്ച് സര്‍ക്കാര്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചുവരികയാണ്. സഭ മേധാവികളുമായി അനുനയ നീക്കം നടത്താനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് സഭ പ്രതിനിധികള്‍ കോട്ടയത്ത് കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും ചര്‍ച്ച് ബില്‍ അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സമ്മര്‍ദം ചെലുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഓര്‍ത്തഡോക്‌സ് സഭ പ്രത്യക്ഷ സമരമെന്ന നിലയില്‍ പ്രതിഷേധത്തിലേക്ക് കടക്കുന്നത്.
ബില്ലിനെ അനുകൂലിച്ചുകൊണ്ടുള്ള യാക്കോബായ സഭയുടെ നീക്കവും സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയാണ്. ബില്‍ പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കം സമാധാനം തകര്‍ക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ നേരത്തെ തന്നെ ആരോപിച്ചിരുന്നു. വ്യാഴാഴ്‌ച ചേര്‍ന്ന എല്‍ ഡി എഫ് നേതൃയോഗത്തിലായിരുന്നു ആവര്‍ത്തിച്ചുണ്ടാകുന്ന സഭാതര്‍ക്കങ്ങള്‍ പരിഹരിക്കാനായി നിയമ നിര്‍മ്മാണം നടത്താനുള്ള നയപരമായ തീരുമാനമെടുത്തത്.
മുന്നണി യോഗത്തില്‍ നിയമ മന്ത്രി പി രാജീവ് ബില്ലിന്‍റെ ഉദ്ദേശലക്ഷ്യങ്ങളും വ്യവസ്ഥകളും അവതരിപ്പിച്ചിരുന്നു. സുപ്രീംകോടതി വിധിക്ക് എതിരാകാതെ ഇരുസഭകള്‍ക്കും ആരാധനാസ്വാതന്ത്ര്യം അനുവദിക്കുന്ന തരത്തില്‍ ബില്ലിന് രൂപം നൽകുക എന്നതാണ് സര്‍ക്കാരിന് മുന്‍പിലുള്ള യഥാര്‍ഥ വെല്ലുവിളി. ഓര്‍ത്തഡോക്‌സ് - യാക്കോബായ സഭകള്‍ തമ്മിലുണ്ടായ തര്‍ക്കം വിവിധ സ്ഥലങ്ങളില്‍ സംഘര്‍ഷത്തിലേക്ക് കടക്കുന്ന സാഹചര്യമുണ്ടായിരുന്നു.
വിഷയം ക്രമസമാധാന പ്രശ്‌നമായി മാറുന്നുവെന്ന കാര്യം എല്‍ ഡി എഫ് യോഗത്തില്‍ ചര്‍ച്ചയായതോടെയാണ് ചര്‍ച്ച് ബില്ലിന് രൂപം നൽകാനുള്ള തീരുമാനം കൈക്കൊണ്ടത്.എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിഷേധം എത്തരത്തില്‍ വളരുമെന്നതാണ് സര്‍ക്കാരും ഉറ്റുനോക്കുന്നത്. വിഷയം കൂടുതല്‍ സങ്കീര്‍ണമാകാതിരിക്കാനുള്ള ഇടപെടലുകളും സര്‍ക്കാര്‍ ആലോചിക്കും.