തിരുവനന്തപുരം: സഭ തര്‍ക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ. ചര്‍ച്ചയില്‍ താല്‍പര്യമില്ല. വിധി നടപ്പാക്കാത്ത സാഹചര്യത്തില്‍ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. അതേസമയം തര്‍ക്കം സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് യാക്കോബായ സഭയും വ്യക്തമാക്കി. സമവായ ചര്‍ച്ചകൾ തുടരുമെന്ന് മന്ത്രി ഇ.പി ജയരാജനും പറഞ്ഞു.
ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം നിലപാട് വ്യക്തമാക്കിയതോടെ സര്ക്കാരിന്റെ സമവായ ശ്രമങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെടുകയാണ്. ഇരു സഭകളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ നിയോഗിച്ച മന്ത്രിസഭ ഉപസമിതി വിളിച്ചു ചേര്‍ത്ത യോഗം ഓര്‍ത്തഡോക്‌സ് വിഭാഗം ബഹിഷ്‌കരിച്ചു. ഇതിനു പിന്നാലെയാണ് ഓര്‍ത്തഡോക്‌സ് സഭ വക്താവ് ഫാ ജോണ്‍സ് എബ്രാഹം കോന്നാട്ടിന്റെ നേതൃത്വത്തില്‍ മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്. സഭയുടെ നിലപാട് വ്യക്തമാക്കുന്ന കത്തും അവര്‍ മന്ത്രിക്ക് കൈമാറി.
അതേസമയം ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സന്നദ്ധമാണ് എന്ന് ഉപസമിതി യോഗത്തില്‍ യാക്കോബായ സഭ വ്യക്തമാക്കി. ഇരു വിഭാഗങ്ങളും നേരിടുന്ന മൃതദേഹ സംസ്‌കാരവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് സഭ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.സഭതര്‍ക്കം തെരുവിലേക്ക് വലിച്ചിഴയ്ക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട് എന്ന് ഉപസമിതി യോഗത്തിന് ശേഷം മന്ത്രി ഇ.പി ജയരാജന്‍ വ്യക്തമാക്കി.സഭ തര്‍ക്കം എത്രയും വേഗം പരിഹരിക്കണമെന്ന് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് മന്ത്രിമാരായ ഇപി ജയരാജന്‍, കെ.കൃഷ്ണന്‍കുട്ടി, എ.കെ ശശീന്ദ്രന്‍,കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരടങ്ങിയ സമിതി ഇരുവിഭാഗങ്ങളെയും ചര്‍ച്ചയ്ക്കു വിളിച്ചത്.