തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതിയുടേയും പ്രഭവ കേന്ദ്രം ക്ലിഫ് ഹൗസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടത് ക്ലിഫ് ഹൗസിൽ വച്ചാണ്. അതുകൊണ്ടാണ് ആരും ചോദിക്കാതെ തന്നെ ക്ലിഫ് ഹൗസിലെ സിസി ടിവി ക്യാമറകൾ നശിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇത് മുൻകൂർ ജാമ്യമെടുക്കലാണ്. മുഖ്യമന്ത്രി അറിഞ്ഞ് കൊണ്ട് ക്യാമറ നശിപ്പിച്ചതാണ്. ദൃശ്യങ്ങൾ ആർക്കും ലഭിക്കാതിരിക്കാനാണ് ക്യാമറ നശിപ്പിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.
ഇതു പോലെ കളവ് പറയുന്ന മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സിപിഎം ചാനൽ ചർച്ചകൾ ബഹിഷ്കരിച്ചത് പറയാൻ ഒന്നുമില്ലാത്തതു കൊണ്ടാണെന്നും ഇരുട്ട് കൊണ്ട് ഓട്ടയടക്കാൻ സിപിഎമ്മിന് കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. നിരവധി ഗുരുതര തെറ്റുകൾ ചെയ്തിട്ടും മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ജലീൽ പുറത്ത് പോയാൽ കൂടുതൽ അപകടം ആണെന്ന് മനസിലാക്കിയാണെന്നും സംസ്ഥാനത്ത് ഇപ്പോൾ ഉദ്ഘാടന മഹാമഹം കാരണം നടക്കാൻ കഴിയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് നടക്കാത്ത പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നുവെന്നും ഇതിനായി കോടികൾ ചിലവിട്ടാണ് പരസ്യങ്ങൾ കൊടുക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടും ചോദ്യങ്ങൾക്ക് മറുപടിയില്ലാത്തത് കൊണ്ടുമാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം കുറച്ചതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, അധികാരങ്ങൾ തന്നിലേക്ക് കേന്ദ്രീകരിക്കുന്ന മുഖ്യമന്ത്രി ഫാസിസ്റ്റ് ആണെന്ന് തെളിയിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പറയുന്നിടത്ത് ഉദ്യോഗസ്ഥർ ഒപ്പ് വയ്ക്കണ്ട അവസ്ഥ വരുമെന്നും മുഖ്യമന്ത്രി നിരന്തരം കള്ളം പറയുകയാണെന്നും നാട് കണ്ട ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോമാളിയായ ഡിജിപി ലോകനാഥ് ബെഹറയുടെ നിർദ്ദേശ പ്രകാരമാണ് വാളയാറിലെ പെൺകുട്ടികൾക്ക് നീതി നിഷേധിച്ചതെന്നും സംസ്ഥാനത്ത് ആർക്കും നീതി ലഭിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കൊവിഡ് വ്യാപനത്തിൽ കേരളം റെക്കോഡ് ഇടാൻ പോകുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.