തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ പിൻവാതിൽ നിയമനം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ. സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ സിപിഎം നേതാവിന്‍റെ ഭാര്യക്ക് ഒന്നാം റാങ്ക് നൽകിയത് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. പ്രതിപക്ഷത്ത് നിന്ന് റോജി എം ജോൺ ആണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്.
ഏറ്റവും കുറഞ്ഞ ഗവേഷണ മാർക്കും അധ്യാപന പരിചയത്തിൽ ഏറ്റവും പിന്നിലുമായിരുന്ന ഉദ്യോഗാർഥിക്ക് അഭിമുഖത്തിൽ 32 മാർക്ക് നൽകി ഒന്നാമതാക്കി. ഇതോടെ യഥാർഥ ഒന്നാം റാങ്കുകാരൻ രണ്ടാമതും രണ്ടാം റാങ്കുകാരൻ മൂന്നാമതുമായി. യുജിസി നിബന്ധനകളുടെ ലംഘനമാണ് നടന്നത്.
രാഷ്‌ട്രീയ സ്വാധീനമുള്ളവർക്ക് മാത്രമാണ് നിയമനം. നേതാക്കളുടെ ഭാര്യമാർക്ക് എല്ലാ മാനദണ്ഡവും ലംഘിച്ച് നിയമനം നടത്തുന്നു. നിരവധി സർവകലാശാലകളിൽ ഇത്തരം നിയമനങ്ങൾ നടക്കുന്നുണ്ട്.
ഗവേഷണ പ്രബന്ധം കോപ്പിയടിച്ച വ്യക്തിക്ക് വരെ നിയമനം നടത്തിയിരിക്കുകയാണ്. സർവകലാശാലകളിലെ മുഴുവൻ കാര്യങ്ങളും പറഞ്ഞാൽ മലയാളികൾ തലകുനിക്കേണ്ടി വരുമെന്നും റോജി എം ജോൺ പറഞ്ഞു.