തിരുവനന്തപുരം: പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം നിയമസഭയിൽ. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഉടനടി മാറ്റം വരുത്താനും ഇളവുകൾ നൽകാനും കഴിയില്ലെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാണ് സർക്കാരിൻ്റെ പ്രഥമ പരിഗണനയെന്നും ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ പറഞ്ഞു.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. പുതുക്കിയ കൊവിഡ് നിയന്ത്രണ ഉത്തരവ് നിലവിൽ വന്നതോടെ പ്രതീക്ഷയിലായിരുന്ന ജനങ്ങൾ നിരാശയിലാണെന്ന് കെ.ബാബു നിയമസഭയിൽ ആരോപിച്ചു.
Also Read: ലോക്ക്ഡൗണ്‍ പരിഷ്കരണം; മന്ത്രി പറഞ്ഞതൊന്ന്, ഉത്തരവ് മറ്റൊന്ന്
പൊലീസിനെ കയറൂരി വിടുന്നതിന് അനുമതി നൽകുന്നതാണ് സർക്കാരിൻ്റെ പുതിയ കൊവിഡ് നിയന്ത്രണ ഉത്തരവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. 500 രൂപ മുടക്കി ആർടിപിസിആർ ടെസ്റ്റ് നടത്തിയവർക്ക് മാത്രമേ കടയിൽ പോകാൻ പാടുള്ളൂ എന്ന നിബന്ധന ഏർപ്പെടുത്തിയാൽ കേരളത്തിലെ 57 ശതമാനം ആളുകൾക്ക് കടയിൽ പോകാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി.