തിരുവനന്തപുരം: പിഎസ്‌സിയേയും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ അനധികൃത നിയമനങ്ങൾ നടക്കുന്നത് ഉദ്യോഗാർഥികളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ നോട്ടിസിന് മറുപടി നൽകിയ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ഈ ആരോപണങ്ങൾ തള്ളുകയാണ് ഉണ്ടായത്.
നിയമങ്ങളെ കുറിച്ച് നടക്കുന്നത് വ്യാജ പ്രചാരണമാണ്. ആസൂത്രിത നുണ പ്രചരണത്തിലൂടെ പുകമറ സൃഷ്‌ടിക്കാനാണ് ശ്രമം. അതിശയോക്തിയും അതിവൈകാരികതയും ചേർത്ത് അവതരിപ്പിക്കുകയാണ്. ഒന്നാം പിണറായി സർക്കാർ മുതൽ ഇതുവരെ ഇടത് സർക്കാർ ആറര വർഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങൾ നടത്തി.
യുഡിഎഫ് സർക്കാരിന്‍റെ കാലത്തേക്കാൾ 18,000 കൂടുതലാണിത്. ബോർഡും കോർപറേഷനും അടക്കം 55 സ്ഥാപനങ്ങളിലെ നിയമനം കൂടി പിഎസ്‌സിക്ക് വിട്ടു. കൊവിഡ് കാലത്ത് എല്ലാം അടഞ്ഞ് കിടന്നപ്പോഴും പിഎസ്‌സി തുറന്ന് പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം കോർപറേഷൻ മേയറുടേതെന്ന് പറയപ്പെടുന്ന കത്തിനെ ചൊല്ലിയാണ് വിവാദമുണ്ടാക്കുന്നത്.
എഴുതിയിട്ടില്ലെന്നും കിട്ടിയിട്ടില്ലെന്നും പറയുന്ന കത്തിനെ ചൊല്ലിയാണ് വിവാദം. താത്‌കാലിക നിയമനങ്ങൾക്കെല്ലാം കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അനധികൃത നിയമനം ഉണ്ടെങ്കിൽ അത് അന്വേഷണത്തിലൂടെ പുറത്ത് കൊണ്ട് വരുമെന്നും മന്ത്രി പറഞ്ഞു. പ്രമേയ ചർച്ച വേണ്ടെന്നും മന്ത്രി എം ബി രാജേഷ് സഭയിൽ നിലപാടെടുത്തു.
ഇതിന് മറുപടി നൽകിയ പ്രതിപക്ഷ എംഎൽഎ പി സി വിഷ്‌ണുനാഥ് 30 ലക്ഷത്തോളം പേർ തൊഴിലിന് കാത്ത് നിൽക്കുമ്പോൾ പിൻവാതിൽ നിയമനത്തിന് പ്രത്യേക റിക്രൂട്ടിങ് കമ്മിറ്റി ഉണ്ടാക്കിയെന്ന് ആരോപിച്ചു. മേയറുടെ കത്ത് വ്യാജമാണെന്ന് മന്ത്രി എങ്ങനെ പറയുന്നുവെന്ന ചോദ്യവും എംഎൽഎ ഉയർത്തി. എഴുതിയ ആൾ എഴുതിയിട്ടുണ്ടെന്ന് സമ്മതിച്ച കത്ത് വേറെയുമുണ്ടെന്നും ഡി ആർ അനിലിന്‍റെ കത്ത് സൂചിപ്പിച്ച് വിഷ്‌ണുനാഥ് പറഞ്ഞു.
ഈ ആരോപണങ്ങൾക്ക് യുഡിഎഫ് കാലത്ത് മന്ത്രിമാരും എംഎൽഎമാരും പാർട്ടി നേതാക്കളും അയച്ച കത്ത് ഉയർത്തി കാട്ടിയാണ് മറുപടി നൽകിയത്. ഈ കത്തുകൾ പ്രസിദ്ധീകരിച്ചാൽ അത് ജവർഹർലാൽ നെഹ്‌റുവിന്‍റെ അച്ഛൻ മകൾക്കയച്ച കത്ത് എന്ന പുസ്‌തകത്തേക്കാൾ വലുതാകുമെന്നും മന്ത്രി പരിഹസിച്ചു. പിന്നാലെ സ്‌പീക്കർ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചു.
കത്തുകളും വിവരങ്ങളും തങ്ങളുടെ പക്കലുമുണ്ടെന്നും വ്യക്തിപരമായി ഉന്നയിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മന്ത്രിമാർ നടത്തിയ താത്‌കാലിക നിയമനങ്ങളുടെ പട്ടികയും പ്രതിപക്ഷ നേതാവ് വായിച്ചു. ഇതോടെ മന്ത്രി പി രാജീവ് വിശദീകരണത്തിന് എഴുന്നേറ്റെങ്കിലും പ്രതിപക്ഷ നേതാവ് വഴങ്ങിയില്ല.
ഇതോടെ ഭരണപക്ഷം ബഹളം വച്ചു. സ്‌പീക്കർ എ എൻ ഷംസീർ ഇടപെടലിന് ശ്രമിച്ചെങ്കിലും ഇരുകൂട്ടരും ബഹളം തുടർന്നു. പ്രതിപക്ഷം മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലിറങ്ങി. ഇതോടെ സ്‌പീക്കർ അടുത്ത അജണ്ടയായ ശ്രദ്ധക്ഷണിക്കലിലേക്ക് കടന്നു.