തിരുവനന്തപുരം: ഇതാദ്യമായല്ല ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷം പ്രതിഷേധിക്കുന്നത് . നിയമസഭയുടെ ചരിത്രത്തിൽ 1970 ജനുവരി ഒൻപതിനാണ് പ്രതിപക്ഷ കക്ഷികൾ ആദ്യമായി ഗവർണറുടെ നയപ്രഖ്യാപനം ബഹിഷ്കരിക്കുന്നത്. 1974ലും 1995ലും ഇന്നത്തേതിനു സമാനമായി ഗവർണർ കടന്നു വരുന്ന വഴിയിൽ പ്രതിപക്ഷം തടസ്സം തീർത്തിരുന്നു. അന്നൊക്കെ സ്പീക്കറുടെ ചേംബർ വഴിയാണ് ഗവർണർ സഭയിൽ പ്രവേശിച്ചതെങ്കിൽ ഇന്ന് വാച്ച് ആന്റ് വാർഡിനെയുപയോഗിച്ച് പ്രതിപക്ഷത്തെ ബലപ്രയോഗത്തിലൂടെ നീക്കിയാണ് ഗവർണർക്ക് സഭയിൽ പ്രവേശിക്കാനായത്.
ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്തിയതിന് അംഗങ്ങളെ മറ്റ് സഭകളിൽ ഗവർണർ സസ്പെന്റ് ചെയ്തിട്ടുണ്ടെങ്കിലും സംസ്ഥാന നിയമസഭയിൽ അത്തരമൊരു സംഭവം ഇതു വരെ ഉണ്ടായിട്ടില്ല. 1982, 1995, 2002, 2009 വർഷങ്ങളിലെ നാല് നയപ്രഖ്യാപന പ്രസംഗങ്ങളിൽ പ്രതിപക്ഷ പ്രതിഷേധം കാരണം ഗവർണർക്ക് പ്രസംഗം പൂർത്തിയാക്കാനായിട്ടില്ല. പ്രിന്റ് ചെയ്ത പ്രസംഗത്തിലെ പാരഗ്രാഫുകൾ ഗവർണർ ഒഴിവാക്കുന്നതും സ്വാഭാവികം മാത്രമാണ്. ആർട്ടിക്കിൾ 176 (1) അനുസരിച്ച് ഗവർണറുടെ നയപ്രഖ്യാപനം ഒഴിച്ചുകൂടാൻ പാടില്ലാത്തതും ഭരണഘടനാപരമായ കർത്തവ്യവുമാണ്. ഗവർണർക്ക് ഈ ഉത്തരവാദിത്വം നിർവ്വഹിക്കാൻ കഴിയാതെ വന്നാൽ ആർട്ടിക്കിൾ 160 പ്രകാരം ഇതിനായി മറ്റ് വഴികൾ തേടാനാകും. ഒരു വർഷത്തിന്റെ ആദ്യം വരുന്ന സെഷന്റെ പ്രാരംഭത്തിലാണ് ആർട്ടിക്കിൾ 176 (1) അനുസരിച്ച് ഗവർണർ സഭയിൽ പ്രസംഗിക്കുന്നത്.