തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞതിന്റെ ആശ്വാസത്തിലിരിക്കുന്ന സർക്കാരിന് മുന്നിലേക്ക് അടുത്ത വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷം. ഗവർണറെ നീക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയമാണ് ഇപ്പോൾ സർക്കാരിന് തലവേദനയായിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ ആരംഭിച്ച സര്‍ക്കാര്‍- ഗവര്‍ണര്‍ ശീതസമരം നയപ്രഖ്യാപനത്തെ അനിശ്ചത്വത്തിലാക്കുന്ന സ്ഥതി വരെയെത്തിയിരുന്നു. നയപ്രഖ്യാപനത്തില്‍ നിന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മന്ത്രിസഭ അംഗീകിരിച്ച നയം മാറ്റാനാകില്ലെന്ന് സര്‍ക്കാര്‍ നിലപാട് അറിയിച്ചു. ഇന്ന് രാവിലെ ഭരണഘടനാ ബാധ്യത ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കി. മന്ത്രിസഭ അംഗീകരിച്ച പ്രമേയം വായിക്കുകയാണ് ചട്ടമെന്ന് കത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ വിയോജിപ്പോടെ നയപ്രഖ്യാപനത്തിലെ പതിനെട്ടാം ഖണ്ഡിക വായിച്ചത്. കൈയടികളോടെയാണ് ഭരണപക്ഷം ഇതിനെ സ്വീകരിച്ചത്. ഇതോടെ ഒരു പ്രധാന കടമ്പ കടക്കാന്‍ സര്‍ക്കാരിനായി.
എന്നാല്‍ ഇനി മുന്നിലുള്ളത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചട്ടം 130 പ്രകാരം നല്‍കിയിരിക്കുന്ന പ്രമേയമാണ്. കേരള നിയമസഭയുടെ അന്തസിനെ ചോദ്യം ചെയ്ത ഗവര്‍ണര്‍ ആരിഫ്ഖാനെ തിരികെ വിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്ന പ്രമേയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പ്രമേയത്തിന് അനുമതി നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വെള്ളിയാഴ്ച ചേരുന്ന കാര്യോപദേശക സമിതിയും സ്പീക്കറുമാണ്. സഭാനേതാവെന്ന നിലയില്‍ മുഖ്യമന്ത്രിയോട് കൂടി ചര്‍ച്ച ചെയ്താകും സ്പീക്കര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഈ പ്രമേയം അനുവദിക്കേണ്ട എന്ന തീരുമാനമാണ് ഇടതുമുന്നണിക്കുള്ളത്. ഇത് സ്പീക്കറേയും അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രമേയത്തിന് കാര്യോപദേശക സമിതി അംഗീകാരം നല്‍കാനിടയില്ല. ഇന്ന് തന്നെ ഗവര്‍ണറും മുഖ്യമന്ത്രിയും ഭായി- ഭായി ആണെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. ലാവ്‌ലിന്‍ കേസ് കൂടി ഉള്‍പ്പെടുത്തിയാണ് പ്രതിപക്ഷം പ്രചരണം ആരംഭിച്ചത്. പ്രതിപക്ഷത്തിന് മാനസികാസ്വാസ്ഥ്യം, ജാള്യത എന്നൊക്കെ പറഞ്ഞ് രക്ഷപ്പെടാന്‍ ഭരണപക്ഷത്തിനായെങ്കിലും പൗരത്വ ഭേദഗതി നിയമം അനിവാര്യമാണെന്ന് ആവര്‍ത്തിച്ചു പറയുന്ന ഗവര്‍ണറെ പുറത്താക്കണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചാല്‍ ഇടതുമുന്നണി കൂടുതല്‍ പ്രതിരോധത്തിലാകും. ഫലത്തില്‍ കടന്നു പോയതിലും വലിയ വെല്ലുവിളിയാണ് മുഖ്യമന്ത്രിയേയും മുന്നണിയേയും കാത്തിരിക്കുന്നത്.