തിരുവനന്തപുരം: നഗരസഭയിലെ വീട്ടുകരം അഴിമതിക്കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കി പ്രതിപക്ഷ കക്ഷികൾ. കൗൺസിൽ ഹാളിൽ ബിജെപി കൗൺസിലർമാർ ആരംഭിച്ച സമരം 25 ദിവസവും നിരാഹാരം നാല് ദിവസം പിന്നിട്ടു. യുഡിഎഫ് കൗൺസിലർമാരും സമരത്തിലാണ്.
നഗരസഭയുടെ ശ്രീകാര്യം, നേമം, ആറ്റിപ്ര, സോണുകളിൽ നിന്നായി 32 ലക്ഷം രൂപയിലേറെ നികുതിപ്പണം നഗരസഭയുടെ അക്കൗണ്ടിൽ അടയ്ക്കാതെ തട്ടിയെടുത്തതിനെത്തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരമാരംഭിച്ചത്. ഇതുവരെ രണ്ട് ഓഫിസ് അറ്റൻഡർമാരെയും ഒരു കാഷ്യറെയും മാത്രമാണ് അറസ്റ്റ് ചെയ്തത്. ഇടതുപക്ഷ സംഘടനയുടെ അംഗങ്ങൾ ആയതിനാൽ പ്രതികളെ ഭരണപക്ഷം തന്നെ സംരക്ഷിക്കുന്നു എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
READ MORE: വീട്ടുകരം തട്ടിപ്പ്; തിരുവനന്തപുരം നഗരസഭയിൽ മേയറെ തടഞ്ഞ് പ്രതിപക്ഷ പ്രതിഷേധം
യുഡിഎഫ് കൗൺസിലർമാരും സമരത്തിലായതിനെ തുടർന്ന് അനുനയിപ്പിക്കുന്നതിനായി മേയർ കഴിഞ്ഞദിവസം ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഈ ചർച്ചയും ഫലം കണ്ടിട്ടില്ല. സിപിഎം ഉന്നത നേതാക്കളുടെ സംരക്ഷണത്തിൽ പ്രതികൾ വിലസുകയാണെന്നാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. കടുത്ത പ്രതിരോധത്തിലായെങ്കിലും നികുതിയടച്ചവരുടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും പ്രതികളെ അറസ്റ്റുചെയ്യേണ്ടത് പൊലീസാണെന്നും ആവർത്തിച്ച് വിശദീകരിക്കുകയാണ് മേയർ ആര്യ രാജേന്ദ്രൻ.
അതേസമയം ഈ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ ശക്തമായി സമരം കൗൺസിലിലും പുറത്തും മുന്നോട്ടു കൊണ്ടുപോവുകയാണ്
ബിജെപിയും യുഡിഎഫും.