തിരുവനന്തപുരം: കെ.പി അനിൽ കുമാർ കോൺഗ്രസ് വിട്ടതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഘടനയെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ നല്ല രീതിയിൽ പരിഹരിച്ച് കൂടിയാലോചനയിലൂടെ മുന്നോട്ടു പോകുമെന്ന് വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ചില കാര്യങ്ങളിൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരും. ജനങ്ങൾക്കിടയിൽ അവർക്ക് വിശ്വാസം ഉള്ള ഒരു പ്രസ്ഥാനമാക്കി കോൺഗ്രസിനെ മാറ്റും. സുധാകരൻ കെ.പി.സി.സി അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം ഒരു പാർട്ടിയായി മുന്നോട്ട് പോകുന്നുവെന്ന ധാരണയാണ് പൊതുസമൂഹത്തിൽ ഉള്ളത്. ഇതിനിടയിൽ ആളുകൾ പോകുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
ഈരാറ്റുപേട്ടയിൽ എസ്‌ഡിപിഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സിപിഎം മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പാർട്ടിയെന്നാണ് അനിൽകുമാറിന്‍റെ ബോധ്യം എങ്കിൽ നേരത്തെ പോകാമായിരുന്നില്ലേ എന്നും സതീശൻ ചോദിച്ചു. കേരളത്തിലെ കോൺഗ്രസിൽ സംഘപരിവാർ ബന്ധമുള്ള ഒരാൾ പോലുമില്ലെന്നും തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടിപ്പോലും വർഗീയ ശക്തികളുമായി കൂട്ട് കൂടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Also Read: പാർട്ടി ആനുകൂല്യം പറ്റിയിട്ട് അധികാരം തേടി പോകുന്നു: പി.ടി തോമസ്