ഹോംവര്‍ക്കിനെ കുറിച്ച് ആവലാതിപ്പെട്ടുകൊണ്ട് വയനാട് ചേലോട് എച്ച്ഐഎം യുപി സ്‌കൂളിലെ ആറാം ക്ലാസുകാരനായ അഭയ് കൃഷ്‌ണയുടെ വൈറല്‍ വീഡിയോ ഫേസ്‌ബുക്കില്‍ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
കൊവിഡിനെ തുടര്‍ന്ന് പഠനം ഓണ്‍ലൈന്‍ ആയതോടെ കുട്ടികളെല്ലാം വീടുകളില്‍ തന്നെ ഒതുങ്ങി. പുറത്തിറങ്ങാന്‍ പോലും സാധിക്കാതെ മൊബൈലിന് മുന്നില്‍ മണിക്കൂറുകള്‍ ചിലവഴിക്കുന്ന കുട്ടികളുടെ മാനസിക സംഘര്‍ഷം മനസിലാക്കണമെന്നാണ് അദ്ദേഹത്തിന്‍റെ അഭ്യര്‍ഥന.
നാടിന്‍റെ സ്ഥിതിക്കൊപ്പം പെട്ടെന്നാണ് കുട്ടികള്‍ അഡ്‌ജസ്റ്റ് ചെയ്തത്. ഈ കഠിനകാലത്ത് നമ്മള്‍ക്ക് കൂട്ടായും കരുതലായും അവര്‍ക്കൊപ്പം നില്‍ക്കാമെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അഭയ്‌ക്ക് സ്‌നേഹാശംസകള്‍ അറിയിച്ച് വയനാട്ടില്‍ വരുമ്പോള്‍ നേരില്‍ കാണാമെന്ന് പറഞ്ഞാണ് അദ്ദേഹത്തിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. കുവൈറ്റിൽ ജോലി ചെയ്യുന്ന ഗിരീഷിന്‍റെയും ഹനുഷയുടെയും മകനാണ് അഭയ് കൃഷ്‌ണ.
Read More:'സങ്കടം കൊണ്ട് പറയാ, ഇങ്ങനെ ഹോംവര്‍ക്ക് തരല്ലേ ടീച്ചറേ' ; അപേക്ഷിച്ച് വിദ്യാര്‍ഥി
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
അതേയ് കേരളത്തിലെ ടീച്ചർ മാരേ, ഈ കൊച്ചു മിടുക്കൻ പറയുന്നതൊന്നു കേട്ടോളൂ. ഇന്നലെ ഈ മിടുമിടുക്കനോട് ഞാൻ സംസാരിച്ചു. അഭയ് കൃഷ്ണയെന്നാണ് പേര്. ആറാം ക്ളാസിലാ പഠിക്കുന്നത്. വയനാട് ചേലോട് HIM യു.പി.സ്ക്കൂളിൽ. ചോദ്യം കേട്ടല്ലോ! എന്താ ടീച്ചർമാരേ , ഈ പഠിത്തം , പഠിത്തം എന്നു വെച്ചാൽ? ഇങ്ങനെ എഴുതാൻ അസൈൻമെന്‍റ് തരരുതേ ... ഇതാണ് അഭയ് പറയുന്നത്. പഠിക്കാൻ ഇഷ്ടമാണെന്നു പറയുന്ന അഭയ് കൃഷ്ണയുടെ വാക്കുകളിലുണ്ട് ലോക്ക് ഡൗൺ കാലത്ത് വീടിനുള്ളിൽ തന്നെയായി , സ്ക്കൂളിലും പോകാനാകാതെ , കളിക്കാൻ പോകാനുമാകാതെ, കൂട്ടുകാർക്കൊപ്പം കുറുമ്പുകാട്ടാനാകാതെ കുടുങ്ങിയ നമ്മുടെ കുഞ്ഞുങ്ങളുടെ മുഴുവൻ വേവലാതി. ടീച്ചറും സ്കൂളും പരീക്ഷയും അസൈൻമെന്റും എല്ലാം ഒരു മൊബയ്ൽ ഫോണിലേക്ക് ഒതുങ്ങി. എന്താ പാവം കുഞ്ഞുങ്ങൾ ചെയ്യുക? എന്നിട്ടും അഭയ് കൃഷ്ണയെ പോലുള്ള കുഞ്ഞോമനകൾ പുതിയ സാഹചര്യവുമായിട്ട് ഇണങ്ങി. എത്ര നല്ല കുഞ്ഞുങ്ങളായാണ് അവർ നാടിന്‍റെ സ്ഥിതിക്കൊപ്പം പെട്ടെന്ന് അഡ്ജസ്റ്റ് ചെയ്തത്. നമുക്ക് ഈ കഠിനകാലത്ത് അവർക്കൊപ്പം നിൽക്കാം - കൂട്ടായും കരുതലായും.
എന്നാലും എന്‍റെ ടീച്ചർമാരേ ഇത്രയധികം അസൈൻമെന്‍റൊന്നും കൊടുക്കല്ലേ, ഒരു പാട് പഠിച്ചും എഴുതിയും മടുത്തുന്ന് കുഞ്ഞുങ്ങൾ പറയുന്നത് കേൾക്കണേ !
കുവൈറ്റിൽ ജോലി ചെയ്യുന്ന ഗിരീഷിന്‍റെയും ഹനുഷയുടെയും മകനാണ് അഭയ് കൃഷ്ണ . സ്നേഹം , ആശംസകൾ പ്രിയപ്പെട്ട അഭയ് . ഇനി വയനാട്ടിൽ വരുമ്പോൾ നേരിട്ടു കാണാം .